|

ഡി.എം.കെയുമായുള്ള സീറ്റ് തര്‍ക്കത്തിനിടെ കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ നീക്കങ്ങളുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍.സീറ്റ് വിഭജനത്തിന്റെ പേരില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കമല്‍ ഹാസന്‍.

ഒരേ കാഴ്ചപ്പാട് ഉള്ളവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് മാത്രമേ നല്‍കാനാകൂ എന്നാണ് ഡി.എം.കെ പറയുന്നത്.
40 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ 20-25 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ല എന്ന നിലപാടാണ് സ്റ്റാലിന്‍ സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയാല്‍ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡി.എം.കെ പറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയിരുന്നത്. എന്നാല്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.

രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഉമ്മന്‍ ചാണ്ടി, ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും ഡി.എം.കെ സീറ്റുകള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Kamal Haasan invites congress to third front