ആരോഗ്യ കേന്ദ്രമാക്കാന്‍ തന്റെ വീട് നല്‍കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍; തങ്ങളോടൊപ്പമുള്ള ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ അവസരം നല്‍കണമെന്നും ആവശ്യം
കൊവിഡ് 19 വ്യാപനം രാജ്യത്ത് വര്‍ധിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഇത് വരെ 23 പൊസീറ്റീവ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മരണവും സംഭവിച്ചു. അഭിനേതാക്കളായ രജനീകാന്ത്, ധനുഷ്, സൂര്യ, ശിവകാര്‍ത്തികേയന്‍, അര്‍ജുന്‍ എന്നിവരെല്ലാം സാമൂഹ്യാകലം ജനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
നടന്‍ കമല്‍ഹാസന്‍ മറ്റൊരു കാര്യമാണ് സര്‍ക്കാരിന് വാഗ്ദാനം ചെയ്തത്, വൈറസ് വ്യാപനത്തെ തടയുന്നതിന് വേണ്ടി താല്‍ക്കാലിക ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നതിന് വേണ്ടി തന്റെ വീട് വിട്ടുതരാം എന്നാണ് കമല്‍ഹാസന്‍ വാഗ്ദാനം ചെയ്തത്.
അതോടൊപ്പം താന്‍ നേതൃത്വം നല്‍കുന്ന സംഘടനയായ മക്കള്‍നീതി മയ്യത്തിലെ ഡോക്ടര്‍മാരോടൊപ്പം ചേര്‍ന്ന് രോഗബാധിതരെ സഹായിക്കുന്നതിന് അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
സിനിമാചിത്രീകരണം മുടങ്ങിയതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ രജനീകാന്ത് അടക്കം താരങ്ങള്‍ രംഗത്തെത്തിയിരുന്നു. രജനി 50 ലക്ഷംരൂപ സംഭാവനചെയ്തു. വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ 10 ലക്ഷം രൂപവീതം നല്‍കി.