ചെന്നൈ: സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലെ വിവാദത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായി സൂപ്പര്‍ താരം കമല്‍ഹാസന്‍. സ്വന്തം അഭിപ്രായം പറയാന്‍ ഉദയനിധിക്ക് അവകാശമുണ്ട് കമല്‍ഹാസന്‍ സമൂഹ മാധ്യമമായി എക്‌സില്‍ കുറിച്ചു.
ഭീഷണിപ്പെടുത്തുകയോ വാക്കുകള്‍ വളച്ചൊടിക്കുകയോ അല്ല വേണ്ടതെന്നും
വിയോജിക്കുന്നവര്‍ സനാതനത്തിന്റെ ഗുണം ഉയര്‍ത്തി സംവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘വിയോജിക്കാനും തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുമുള്ള പൗരന്മാര്‍ക്ക് കഴിയലാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രധാനപ്പെട്ട ഉത്തരങ്ങളിലേക്ക് നയിക്കും. അത് ഒരു മികച്ച സമൂഹമെന്ന നിലയില്‍ നമ്മുടെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും, അതാണ് ചരിത്രം ആവര്‍ത്തിച്ച് നമ്മെ പഠിപ്പിക്കുന്നത്.
ഉദയനിധിക്ക് സനാതനയെക്കുറിച്ച് അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പറയാന്‍
അര്‍ഹതയുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തോട് നിങ്ങള്‍ വിയോജിക്കുന്നുവെങ്കില്‍, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളോ അവലംബിക്കുന്നതിനു പകരം സനാതനത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വൈകാരിക പ്രതികരണങ്ങള്‍ ഉണര്‍ത്താന്‍ അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ചല്ല.
The hallmark of a true democracy is the ability of its citizens to disagree and engage in continued discussion. History has repeatedly taught us that asking the right questions has led to important answers and contributed to our development as a better society.@Udhaystalin is…
— Kamal Haasan (@ikamalhaasan) September 7, 2023
ആരോഗ്യകരമായ സംവാദങ്ങള്‍ക്കുള്ള സുരക്ഷിത ഇടമാണ് തമിഴ്നാട്. അത് അങ്ങനെ തന്നെ തുടരും. ഉള്‍ക്കൊള്ളല്‍, സമത്വം, പുരോഗതി എന്നിവ ഉറപ്പാക്കിക്കൊണ്ട് നമ്മുടെ പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. യോജിപ്പുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് ക്രിയാത്മകമായ ചര്‍ച്ചകളെ നമുക്ക് സ്വീകരിക്കാം,’ കമല്‍ ഹാസന്‍ പറഞ്ഞു.