| Friday, 28th June 2024, 9:59 pm

സമയമില്ലെന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കിയ സിനിമ പിന്നീട് രജിനികാന്ത് ഏറ്റെടുത്ത് ചെയ്തപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം തന്റെ കരിയരില്‍ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. 64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ സിനിമയില്‍ കൈ വെക്കാത്ത മേഖലകളില്ല. അഞ്ച് ദേശീയ അവാര്‍ഡും, നിരവധി സംസ്ഥാന അവാര്‍ഡും നേടിയ കമല്‍ ഹാസന്‍ ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണ്.

തന്റെ കരിയറില്‍ വേണ്ടെന്ന് വെച്ച സിനിമകളെപ്പറ്റി സംസാരിക്കുകയാണ് താരം. ഷങ്കര്‍- രജിനികാന്ത് ഒന്നിച്ച ബ്രഹ്‌മാണ്ഡ ചിത്രം എന്തിരന്‍ ആദ്യം തന്റെയടുത്തേക്ക് വന്ന കഥയാണെന്നും അതിന്റെ തിരക്കഥാകൃത്ത് സുജാത ആ സിനിമ ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഇന്ത്യന്റെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് എന്തിരന്റെ കഥ കേട്ടതെന്നും താരം പറഞ്ഞു. എന്നാല്‍ ആ സമയത്ത് മറ്റ് സിനിമകളുടെ തിരക്കും അന്നത്തെ കാലത്ത് ഒരു സിനിമക്ക് താങ്ങാവുന്നതിലധികം ബജറ്റും ഉള്ളതുകൊണ്ടാണ് താന്‍ അതില്‍ നിന്ന് പിന്മാറിയതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ശരിയായ മൊമന്റില്‍ ശരിയായ കഥ തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ സിനിമയില്‍ അതിജീവിക്കാന്‍ കഴിയൂവെന്നും തന്റെ സുഹൃത്ത് രജിനികാന്ത് ശരിയായ സമയത്ത എന്തിരന്‍ എന്ന സിനിമ തെരഞ്ഞെടുത്തുവെന്നും ആ സിനിമയുടെ വിജയം അയാള്‍ക്ക് കൂടുതല്‍ മൈലേജ് നല്‍കിയെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന ഫാന്‍സ് മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യന്റെ ഷൂട്ട് കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് ഞാന്‍ എന്തിരന്റെ കഥ കേള്‍ക്കുന്നത്. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ കഥയായിരുന്നു അത്. ആ സിനിമയുടെ തിരക്കഥാകൃത്തും എന്റെ ഏറ്റവുമടുത്ത സുഹൃത്തുമായ സുജാത എന്നോട് പറഞ്ഞത് ‘ഈ സിനിമ നീ തന്നെ ചെയ്യണം’ എന്നാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. തിരക്കഥകള്‍ എഴുതാന്‍ എനിക്ക് ഇന്‍സ്പിറേഷനായ ആളാണ് സുജാത.

എന്നാല്‍ ആ സമയത്ത് ഒരുപാട് ബജറ്റ് ആവശ്യമായ സിനിമയായിരുന്നു അത്. സാധാരണ സിനിമകളെക്കാള്‍ അധികം ദിവസങ്ങള്‍ ആ സിനിമക്ക് വേണ്ടി മാറ്റിവെക്കേണ്ടി വരും. മുന്നേ ഏറ്റുപോയ വേറെ സിനിമകള്‍ കാരണം ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു. സിനിമയില്‍ സര്‍വൈവ് ചെയ്യണമെങ്കില്‍ കറക്ടായിട്ടുള്ള സമയത്ത് കറക്ടായിട്ടുള്ള സബ്ജക്ട് തെരഞ്ഞെടുക്കണം. എന്റെ സുഹൃത്ത് രജിനികാന്ത് കറക്ടായിട്ടുള്ള സമയത്ത് എന്തിരന്‍ തെരഞ്ഞെടുത്തു. അത് വലിയ വിജയമായി. എനിക്കതില്‍ സന്തോഷമേയുള്ളൂ,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan explains why he rejected Enthiran movie

We use cookies to give you the best possible experience. Learn more