രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ തിയേറ്ററില്‍ വമ്പന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.
ഇതിനോടകം ചിത്രം മൂന്നൂറ് കോടി കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ജയിലറിന്റെ വിജയത്തില്‍ കമല്‍ഹാസനും സംവിധായകന്‍ നെല്‍സണെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകേഷുമായി കമല്‍ഹാസന്‍ ഒന്നിച്ച വിക്രത്തിന്റെ റെക്കോഡ് ഉള്‍പ്പടെ തകര്‍ത്ത് കൊണ്ടാണ് ജയിലര്‍ പ്രദര്‍ശനം തുടരുന്നത്.
അതേസമയം ചിത്രം ആദ്യ വാരാന്ത്യത്തില്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നാല് ദിവസത്തെ ചിത്രത്തിന്റെ ഇന്ത്യയില്‍ നിന്ന് മാത്രമുള്ള ഗ്രോസ് 162 കോടി രൂപയാണ്.
ഇതില്‍ 76 കോടി രൂപയും ചിത്രം സ്വന്തമാക്കിയത് തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ്. ആന്ധ്രായിലും തെലുങ്കാനയിലും നിന്നായി ചിത്രം 30 കോടി രൂപയും, കേരളത്തില്‍ നിന്ന് ചിത്രം 23.65 കോടിയും സ്വന്തമാക്കിയപ്പോള്‍. കര്‍ണാടകയില്‍ നിന്ന് ചിത്രത്തിന് നേടാനായത് 26.5 കോടി രൂപയാണ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ജയിലര്‍ 4.8 കോടി രൂപയും സ്വന്തമാക്കി.
കേരളത്തില്‍ ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം റിലീസ് ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച ആയ ഇന്നലെ 6.85 കോടി രൂപ ചിത്രം സ്വന്തമാക്കി.
വിദേശത്തും ജയിലറിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. വമ്പന്‍ കളക്ഷനാണ് രജിനി ചിത്രം വിദേശ രാജ്യങ്ങളിലും സ്വാന്തമാക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തിലെ അവധിയും ചിത്രത്തിന് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.