കമല്‍ ഹാസന്‍ നായകനായ വിക്രം ഇന്ത്യയിലാകെ തരംഗമാവുകയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേയ്ന്‍ എന്നിങ്ങനെ വലിയ താരനിരയാണ് എത്തിയത്. ചിത്രത്തിലെ ഗസ്റ്റ് റോളില്‍ സൂര്യയുമെത്തിയിരുന്നു.
ചിത്രത്തിന്റെ അവസാനം ഏതാനും മിനിട്ടുകള്‍ മാത്രമാണ് താരം എത്തുന്നതെങ്കിലും അത് തിയേറ്ററില്‍ ഉണ്ടാക്കിയ ആവേശം ചെറുതൊന്നുമായിരുന്നില്ല. റിലീസിന് മുമ്പ് ചിത്രത്തിന്റെ ഹൈപ്പ് ഹൈഗ്രാഫിലേക്ക് ഉയര്‍ത്താനും സൂര്യയുടെ കഥാപാത്രത്തിനായി. റോളാക്‌സ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തിയത്.
തന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് സൂര്യ വിക്രത്തില്‍ അഭിനയിച്ചത് എന്ന് പറയുകയാണ് കമല്‍ ഹാസന്‍. അതിന് സൂര്യയോട് നന്ദി പറയുന്നില്ലെന്നും പകരം അടുത്ത ചിത്രത്തില്‍ മുഴുവന്‍ സമയവും തങ്ങള്‍ ഒന്നിച്ചുണ്ടാകുമെന്നും കമല്‍ പറഞ്ഞു.
‘അവസാന മൂന്ന് മിനിട്ട് വന്ന് തിയേറ്ററില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അതിന് നന്ദി പറയുന്നില്ല. അടുത്ത സിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകുന്നതായിരിക്കും.
ഡയറക്ടര്‍ ലോകേഷിന് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്‌നേഹം വിക്രം സിനിമയുടെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രേമിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹം. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹം എന്നും എനിക്ക് ഉണ്ടാവണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ ഞാന്‍,’ കമല്‍ പറഞ്ഞു.
വിക്രത്തിന്റെ വിജയത്തില്‍ നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോയിലാണ് കമല്‍ സൂര്യയുമൊത്തുള്ള ചിത്രത്തെ പറ്റി പറഞ്ഞത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കമലിന്റെ വീഡിയോകള്‍ രാജ്കമല്‍ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലാണ് പോസ്റ്റ് ചെയ്തത്.
ഭാഷാ വ്യത്യാസമില്ലാതെ എല്ലാ സിനിമകളേയും നെഞ്ചേറ്റിയവരാണ് മലയാളികളെന്നും ഇപ്പോള്‍ തന്നെയും തന്റെ വിക്രം സിനിമയേയും നെഞ്ചേറ്റിയത് ഭാഗ്യമാണെന്നും മലയാളത്തിലുള്ള വീഡിയോയില്‍ കമല്‍ പറഞ്ഞു. തന്റെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Kamal Haasan confirms the picture with Surya