ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ രൂക്ഷപ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍. ഒരു സംവാദത്തില്‍ വിജയിക്കാനായി എതിര്‍ശബ്ദത്തെ തോക്കുകൊണ്ട് നിശബ്ദമാക്കുന്നത് അങ്ങേയറ്റം നീചപ്രവൃത്തിയാണെന്ന് കമല്‍ഹാസന്‍ പറയുന്നു. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ വേദനിക്കുന്നവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും കമല്‍ഹാസന്‍ പറയുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമെങ്ങും വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യതലസ്ഥാനത്ത് നൂറുകണക്കിനാളുകള്‍ മെഴുകുതിരി പ്രയാണം നടത്തി. കേരളത്തിലുള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു.
അതേസമയം കൊലപാതകം അന്വേഷിക്കാന്‍ ഐ.ജി ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു കര്‍ണാടക സര്‍ക്കാര്‍ രൂപംനല്‍കി.
കേസ് സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയോ അന്വേഷിക്കണമെന്നു ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക സംഘത്തിനു വിടാനാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗൗരി ലങ്കേഷിന്റെ നെഞ്ചത്തും വയറ്റിലുമേറ്റ വെടിയാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
രാജരാജേശ്വരി നഗറിലെ ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന നാലു സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാണ്. ചൊവ്വാഴ്ച ബസവനഗുഡിയിലെ “ഗൗരി ലങ്കേഷ് പത്രികെ” ഓഫിസില്‍നിന്ന് കാര്‍ ഓടിച്ച് വീട്ടിലെത്തിയ ഗൗരി, ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമി വെടിവെച്ചത്.