| Sunday, 15th October 2023, 4:00 pm

ജയറാമിന്റെ സിനിമക്കായി കമല്‍ഹാസന്‍ സ്വന്തം പ്രൊജക്ട് വേണ്ടെന്ന് വെച്ചു; സംഭവിച്ചത് കോടികളുടെ നഷ്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസ് സംവിധാനം ചെയ്ത ജയറാമിന്റെ ‘കിലുക്കാംപെട്ടി’ സിനിമ ചെയ്ത സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മാതാവ് ബൈജു അമ്പലക്കര. ആ സിനിമയുടെ കഥ തന്നെ കമല്‍ഹാസന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും ‘കിലുക്കാംപെട്ടി’ സിനിമയുടെ കാര്യമറിഞ്ഞ് ആ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ‘കിലുക്കാംപെട്ടി’ക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയ സ്ഥാനത്ത് കമല്‍ഹാസന്‍ മുടക്കിയത് കോടികളായിരുന്നെന്നും സിനിമ വേണ്ടെന്ന് വെച്ചതോടെ കമല്‍ഹാസന് ആ കോടികള്‍ നഷ്ടമായെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് ഈ പടത്തിലെ നായിക. പിന്നെ ജയറാം, ഇന്നസെന്റ്, ജഗതി, ബേബി ശാമിലിയൊക്കെയാണ് ഉള്ളത്. ഞങ്ങള്‍ ഇതിന്റെ റെക്കോഡിങ്ങിനായിട്ട് മദ്രാസിലേക്ക് പോയി. ആല്‍വിന്‍ ആന്റണിയായിരുന്നു പ്രൊഡക്ഷന്‍ മാനേജര്‍. ഇദ്ദേഹം ഓരോ ആളുകളുടെയും ഡേറ്റ് ചോദിച്ചു.

ആ സമയമാണ് പ്രശ്‌നം വരുന്നത്. ഡേറ്റില്‍ ക്ലാഷ് വരുന്നുണ്ട്. ഇന്നസെന്റ്, ജഗതി, ബേബി ശാമിലിയൊക്കെ അതേ സമയത്ത് സംവിധായകന്‍ കമലിന്റെ ഒരു പടത്തില്‍ അഭിനയിക്കുന്നുണ്ട്. അതേതാണ് പടമെന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് കമല്‍ഹാസന്റെ പടമാണെന്ന്.

കമല്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ അഭിനയിക്കുന്ന പടം. അത് തമിഴിലും മലയാളത്തിലുമാണ് റിലീസ് ചെയ്യുന്നത്. ഡിംപിള്‍ കപാഡിയയാണ് നായിക. ആ സിനിമയില്‍ ലളിത ചേച്ചിയും (കെ.പി.എസ്.സി ലളിത) ഉണ്ട്. ഇവരൊക്കെ രണ്ട് സിനിമകളിലുമായിട്ട് ഡേറ്റ് തന്നു. കുറച്ച് ദിവസം ആ സിനിമക്കും, കുറച്ച് ദിവസം നമ്മുടെ സിനിമയിലും ആയിട്ടാണ് ഡേറ്റ് തന്നത്.

അങ്ങനെയൊരിക്കല്‍ ഇന്നസെന്റിനോടും ജഗതിയോടും ഈ കമലിന്റെ പടത്തെ പറ്റി വെറുതെ ചോദിച്ചു. അതിന്റെ സബ്ജക്റ്റിനെ കുറിച്ചാണ് ചോദിച്ചത്. ആ സമയത്താണ് അറിയുന്നത്, നമ്മുടെ അതേ സബ്ജക്റ്റ് തന്നെയാണ് അവരും ചെയ്യാന്‍ പോകുന്നതെന്ന്.

ഇതിന്റെ ത്രെഡ് ‘ദ മേഡ്’ എന്നുപറയുന്ന ഒരു ഇംഗ്ലീഷ് സബ്ജക്റ്റില്‍ നിന്നും എടുത്തതാണ്. കമല്‍ഹാസന്‍ ഇതെടുത്ത് സിനിമയാക്കാന്‍ കമലിനെ സംവിധാനം ഏല്‍പ്പിക്കുകയായിരുന്നു. രണ്ടു പേരും ഒരു പോലെ ഷൂട്ടിങ് പ്ലാന്‍ ചെയ്ത് ഡേറ്റ് തീരുമാനിച്ചു.

നമ്മളുടെ പടം വളരെ ചെറുതാണ്. അവരുടേത് വലിയ പടമാണ്. അതോടെ ഞാന്‍ കമലുമായി ഫോണില്‍ സംസാരിച്ചു. ഇങ്ങനെ ഒരു സംഭവമുണ്ടെന്ന് കേള്‍ക്കുന്നു, ഞങ്ങളും അതേ സബ്ജക്റ്റാണ് ചെയ്യുന്നതെന്ന് പറഞ്ഞു.

നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ ചെയ്‌തോളു, ഞങ്ങളും ഇതുതന്നെ ചെയ്‌തോളാമെന്ന് കമല്‍ മറുപടി പറഞ്ഞു. അപ്പോഴേക്കും കമല്‍ഹാസന്‍ ഇക്കാര്യം അറിഞ്ഞു. ഒരേ സബ്‌ജെക്റ്റ് ചെയ്താല്‍ ശരിയാകില്ലെന്നും ആ സിനിമ ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് ഒരുപാട് പൈസ ആ പടത്തിന് വേണ്ടി പോയിട്ടുണ്ട്. നമ്മള്‍ ലക്ഷങ്ങള്‍ മുടക്കിയ സ്ഥാനത്ത് അവര്‍ മുടക്കിയത് കോടികളാണ്. എന്നിട്ടും കമല്‍ഹാസന്‍ ആ പടം ചെയ്യാന്‍ സമ്മതിച്ചില്ല. അത് ഷൂട്ടിങ്ങൊക്കെ തുടങ്ങിയിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും വലിയ നഷ്ടടം ആയേനെ.

എന്തായാലും ആ പടം അവര്‍ വേണ്ടെന്ന് വെച്ചു. നമുക്ക് ഈ പടം വേണ്ടെന്നുവെക്കാന്‍ പറ്റില്ല. കാരണം ഇതെന്റെ ആദ്യ പടമാണ്. കമല്‍ഹാസന്‍ അന്ന് ഇന്ത്യ മുഴുവന്‍ ഫേമസ് ആയി നില്‍ക്കുന്ന സമയം ആണ്. തമിഴ്, ഹിന്ദി, കന്നഡ അങ്ങനെ കുറെ ഭാഷകളില്‍ അഭിനയിക്കുന്ന സമയത്താണ്,’ ബൈജു അമ്പലക്കര പറയുന്നു.

Content Highlight: Kamal Haasan Cancel His Own Project For Jayaram’s Film

We use cookies to give you the best possible experience. Learn more