ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ തമിഴ്‌നാട് മന്ത്രിയും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ സെല്ലൂര്‍ കെ. രാജു. കമല്‍ഹാസന് സിനിമയില്‍ മാത്രമേ മുഖ്യമന്ത്രിയാകാന്‍ കഴിയൂവെന്നും ജീവിതത്തില്‍ അതിന് സാധിക്കില്ലെന്നും രാജു പറഞ്ഞു.
കമലിനെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കമല്‍ഹാസന്‍ നല്ലൊരു നടനാണ്. എന്നിരുന്നാലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ ജനം തള്ളിയത് നമ്മള്‍ കണ്ടതാണ്.’
എ.ഐ.എ.ഡി.എം.കെ സ്ഥാപകനേതാവായ എം.ജി.ആറിനെ മാത്രമെ രാഷ്ട്രീയത്തില്‍ തമിഴ് ജനത സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയപ്രവേശന സമയത്ത് കമല്‍ പറഞ്ഞത് താന്‍ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നാണ്. എന്നാല്‍ അദ്ദേഹത്തിന് ആ വാഗ്ദാം പാലിക്കാനായില്ല. അദ്ദേഹം ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്നു, കൂടാതെ ടി.വി ഷോകളും അവതരിപ്പിക്കുന്നു. തമിഴ് ജനതയുടെ ഹൃദയം കീഴടക്കിയ നടന്‍ എം.ജി.ആര്‍ മാത്രമാണ്. കമലിന് അത് സാധിച്ചിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തിന് മുഖ്യമന്ത്രിയാവാനും കഴിയില്ല.’
കമലിനെ ഒരു നടന്‍ എന്നതിലുപരി ഒരു രാഷ്ട്രീയക്കാരനായി ആരും കാണുന്നില്ലെന്നും രാജു പറഞ്ഞു.
അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത രജനീകാന്തിനെ അഭിനന്ദിക്കുന്നതായും രാജു പറഞ്ഞു. രജനിയുടെ കാഴ്ചപ്പാടും മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ കാഴ്ചപ്പാടും തമ്മില്‍ സാമ്യമുണ്ടെന്നും രാജു കൂട്ടിച്ചേര്‍ത്തു.