| Friday, 3rd June 2022, 6:54 pm

നാല് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന് എന്തുകൊണ്ട് വിക്രം തെരഞ്ഞെടുത്തു; ഉത്തരവുമായി കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു സംവിധായകന്റെ കീഴില്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള കമല്‍ ഹാസന്റെ തിരിച്ചു വരവ് കൂടിയാണ് വിക്രം.

തിരിച്ചുവരവിനായി എന്തുകൊണ്ടാണ് വിക്രം തെരഞ്ഞെടുത്ത് എന്നതിന് ഉത്തരം നല്‍കുകയാണ് കമല്‍ ഹാസന്‍. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘ആദ്യം തെരഞ്ഞെടുത്തത് സംവിധായകനെയാണ്. ഞങ്ങള്‍ കൈതി കണ്ടു, എനിക്കത് ഒരുപാട് ഇഷ്ടമായി. മാര്‍ക്കറ്റ് മാത്രം നോക്കിയല്ല ഞാന്‍ മുമ്പോട്ട് പോകുന്നത്. ക്വാളിറ്റി എന്നെ ബാധിക്കും. പിന്നെ ലോകേഷ് എപ്പോഴും പറയും അദ്ദേഹം എന്റെ ആരാധകനാണെന്ന്. ടെക്‌നിക്കല്‍ സൈഡ് കൂടി കൂടുതല്‍ വികസിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ കൈതിയെക്കാള്‍ വലിയൊരു സിനിമ ചെയ്യാന്‍ ലോകേഷിനാവും.

എന്റെ ഏറ്റവും വലിയ ആരാധകനും വിമര്‍ശകനും ഞാന്‍ തന്നെയാണ്. നമ്മുടെ നായകനെ എപ്പോഴും സ്‌നേഹത്തോടെ മാത്രമേ നോക്കാവൂ. എന്നാലേ കഥ ശരിയായ വഴിയില്‍ മുന്നോട്ട് പോവുകയുള്ളൂ,’ കമല്‍ ഹാസന്‍ പറഞ്ഞു.

‘സൂര്യയും എന്റെ വലിയ ആരാധകനാണ്. ഞാനും അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. സൂര്യക്ക് എന്റെയൊപ്പം അഭിനയിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഭയവും പരിഭ്രമവുമായിരുന്നു. എനിക്ക് വേണ്ടി തയാറാക്കിയ ചില സ്‌ക്രിപ്റ്റുകള്‍ അദ്ദേഹത്തെ കാണിച്ചിരുന്നു. നിങ്ങള്‍ക്ക് വേണ്ടി എഴുതിയ സ്‌ക്രിപ്റ്റ് ഞാന്‍ എങ്ങനെ ചെയ്യും എന്നാണ് സൂര്യ ചോദിച്ചത്.

ഈ സിനിമക്ക് വേണ്ടി ഞാന്‍ വിളിച്ചപ്പോള്‍ എപ്പോ വേണമെങ്കിലും വിളിച്ചോളൂ ഞാന്‍ അവിടെ ഉണ്ടാവും എന്നാണ് പറഞ്ഞത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ് നായകനായ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്ത ചിത്രമെന്ന നിലയിലും വിക്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി, ചെമ്പന്‍ വിനോദ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

Content Highlight: Kamal Haasan answers why Vikram was chosen for his comeback

We use cookies to give you the best possible experience. Learn more