| Wednesday, 27th March 2024, 8:16 am

ഇന്റര്‍വെലിന് നിങ്ങള്‍ക്ക് കൂടുതല്‍ വെള്ളം കുടിക്കാന്‍ തോന്നും; അത്ര ഗംഭീരമായാണ് ബ്ലെസി ഈ സിനിമ എടുത്തുവെച്ചിരിക്കുന്നത്: ആടുജീവിതം പ്രിവ്യൂ കണ്ട് കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ ആടുജീവിതം തിയേറ്ററുകളിലെത്താന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ സമര്‍പ്പണമാണ് ഈ സിനിമ. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് സിനിമാരൂപത്തിലെത്തുമ്പോള്‍ നായകനായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്.

ചിത്രത്തിന്റെ തമിഴ്‌നാട് പ്രിവ്യൂ കഴിഞ്ഞ ദിവസം നടന്നിരുന്നു. മണിരത്‌നം, കമല്‍ ഹാസന്‍ തുടങ്ങിയവര്‍ സിനിമയുടെ പ്രിവ്യൂ കണ്ടിരുന്നു. സിനിമ കണ്ട ശേഷം കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം കണ്ട് മണിരത്‌നം അത്ഭുതപ്പെട്ടെന്നും, ‘എങ്ങനെയാണവര്‍ ഈ സിനിമ എടുത്തതെന്ന്’ ചോദിക്കുകയും ചെയ്‌തെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഈ സിനിമക്ക് വേണ്ടി പൃഥ്വി ഇത്ര ദൂരം പോകുമെന്ന് കരുതിയില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

‘ആദ്യം തന്നെ ഈ സിനിമയെടുത്ത ബ്ലെസിക്ക് നന്ദി പറയുന്നു. ഒരാള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ ഇതുപോലെ സ്‌ക്രീനില്‍ കാണിക്കാന്‍ വേണ്ടി നടത്തിയ കഠിനാധ്വാനം വലുതാണ്. സിനിമ കണ്ട മണിരത്‌നം പോലും അത്ഭുതപ്പെട്ടു പോയി, എങ്ങനെയാണ് അവര്‍ ഈ സിനിമ ചെയ്തുവെച്ചതെന്ന് എന്നോട് ചോദിച്ചു. സിനിമ കാണുന്ന പ്രേക്ഷകര്‍ ഇന്റര്‍വെലിന് കൂടുതല്‍ വെള്ളം കുടിക്കും. അത്രക്ക് ഗംഭീരമായി ആ അവസ്ഥ സിനിമയില്‍ കാണിക്കുന്നുണ്ട്.

വ്യത്യസ്തമായ സിനിമ ചെയ്യണമെന്നുള്ള നിങ്ങളുടെ ദാഹമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. പൃഥ്വിരാജ് വളരെ ഗംഭീരമായി ചെയ്തിട്ടുണ്ട്. ഈ സിനിമക്ക് വേണ്ടി അയാള്‍ ഇത്ര ദൂരം പോകുമെന്ന് ഞാന്‍ കരുതിയില്ല. ഇതിന്റെ ക്യാമറാമാനെയും അഭിനന്ദിക്കാതെ വയ്യ. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ സിനിമയെടുക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടെന്ന് എനിക്ക് മനസിലാകും. അത് പ്രേക്ഷകര്‍ക്കും മനസിലാകുമെന്ന് ഞാന്‍ കരുതുന്നു. എല്ലാവരും കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഗംഭീര സിനിമയാണിത്,’ കമല്‍ ഹാസന്‍ പറഞ്ഞു.

ആടുജീവിതം ടീമിന്റെ ഒഫിഷ്യല്‍ എക്‌സ് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ‘മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായ കമല്‍ ഹാസന്‍ സിനിമയെക്കുറിച്ച് ഹൃദയം തുറന്ന് സംസാരിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘ഇതൊരു വലിയ അവാര്‍ഡായി ഞാന്‍ കാണുന്നു’ എന്ന ക്യാപ്ഷനോടെ പൃഥ്വിരാജും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Content Highlight: Kamal Haasan  and Maniratnam watched the premiere of Aadujeevitham

We use cookies to give you the best possible experience. Learn more