ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന്‍. രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ 1000 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് കമല്‍ ഹാസന്‍ ചോദിച്ചു. പ്രധാനമന്ത്രി് നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്വിറ്ററിലൂടെ കമല്‍ ഹാസന്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
‘കൊറോണ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് രാജ്യത്തെ പകുതിയിലേറെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ എന്തിന് വേണ്ടിയാണ് 1000 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത്? ചൈനയുടെ വന്മതില്‍ പണിയുമ്പോള്‍ ആയിരങ്ങളാണ് മരിച്ചുവീണത്. ജനങ്ങളെ സംരക്ഷിക്കാനായാണ് ആ വന്മതില്‍ കെട്ടിയുയര്‍ത്തുന്നത് എന്നായിരുന്നു അന്ന് അവിടുത്തെ അധികാരികള്‍ പറഞ്ഞത്. ഇപ്പോള്‍ ആരെ സംരക്ഷിക്കാനാണ് ഈ ആയിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം കെട്ടിപ്പൊക്കുന്നത്? എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒരു മറുപടി തരുമോ,’ കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.
ഡിസംബര്‍ 10ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു. ഭൂമി പൂജ നടത്തിയാണ് പുതിയ പാര്‍ലമെന്റിന് നരേന്ദ്ര മോദി തറക്കില്ലിട്ടത്. കര്‍ണാടകയിലെ ശൃംഖേരി മഠത്തില്‍ നിന്നുള്ള പുരോഹിതര്‍ സംസ്‌കൃത ശ്ലോകം ഉരുവിടുന്നതിനിടയില്‍ സമീപത്ത് ഒരുക്കിയ മണ്ഡപത്തില്‍ ആചാര പ്രകാരമാണ് മോദി ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.
പ്രതിപക്ഷ കക്ഷികളുടെയും ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയാണ് നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.
64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ പ്രധാന ഘടകമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.
പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ ശിലാസ്ഥാപനചടങ്ങിനും മറ്റ് ഔദ്യോഗിക ജോലികള്‍ക്കും തടസമില്ലെന്ന കോടതി വിധിയുടെ പഴുത് ഉപയോഗിച്ചാണ് നിലവില്‍ ഭൂമിപൂജ നടത്തിയത്.
ഇരുന്നൂറോളം പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിങ്, വിദേശ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ത്രികോണ ആകൃതിയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് പുറമെ പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കുമായി പുതിയ വസതി, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍ തുടങ്ങി പത്തോളം കെട്ടിട നിര്‍മ്മാണ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.
തന്റെ സ്വകാര്യ താത്പര്യത്തിനല്ല കോടികള്‍ മുടക്കി ഇത്തരമൊരു പദ്ധതിയെന്നാണ് മോദി പറയുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പുതിയ ഒരു നാഴികക്കല്ലായി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് ശ്രമം എന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.
രത്തന്‍ ടാറ്റയ്ക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാറ് മോദി സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലുള്ള മോദിയുടെ ധൂര്‍ത്തിനെതിരെ വലിയ വിവാദമാണ് രാജ്യത്ത് നടക്കുന്നത്.
അതേസമയം രാജ്യത്തെ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രണ്ടാഴ്ചയിലധികമായി സമരത്തിലാണ്. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതുവരെ വിഷയത്തില്‍ പരിഹാരം കാണാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kamal Haasan against PM Narendra Modi on new Parliament building