ചെന്നൈ: കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ നടന്‍ കമല്‍ഹാസന്‍. കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുന്നതിലൂടെ കര്‍ഷകരെ വഞ്ചിക്കുകയാണ് നേതൃത്വം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ ഭരിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നിലപാടിനെയും കമല്‍ ഹാസന്‍ വിമര്‍ശിച്ചു.
‘സ്വയം കര്‍ഷകനെന്ന് വിളിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഈ ബില്ലിനെ പിന്തുണയ്ക്കുന്നത് കര്‍ഷകരോടുള്ള വഞ്ചനയല്ലേ? അടുത്ത തവണ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ വിതയ്ക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ അടക്കം ചെയ്യാനും കഴിയുമെന്ന കാര്യം മറക്കരുത്, കമല്‍ ഹാസന്‍ പറഞ്ഞു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാണെന്നും കൃഷി എല്ലായ്‌പ്പോഴും സംസ്ഥാനത്ത് ഒരു പ്രധാനപ്പെട്ട വിഷയമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
‘രാജ്യത്ത് എവിടേയ്ക്കും വസ്തുക്കള്‍ എത്തിക്കാന്‍ ഈ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷയെ ബാധിക്കുകയും രാജ്യത്തെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. കാരണം വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനുമിടയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും.,’ കമല്‍ഹാസന്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് പ്രധാന്യം നല്‍കുമെന്ന് വാഗ്ദാനം നല്‍കി അധികാരം പിടിച്ചെടുത്ത പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെ എന്നും അദ്ദേഹം പറഞ്ഞു.
ബില്ല് പാസാക്കിയ നടപടിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്തി. രാഷ്ട്രപതി രാം നാഥ് പാര്‍ലമെന്റില്‍ പാസാക്കിയ ബില്‍ പിന്‍വലിക്കണം. കര്‍ഷകരെ സഹായിക്കാന്‍ അത് മാത്രമേ ഒരു വഴിയുള്ളു വെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
‘പുതിയ കോര്‍പറേറ്റുകളായ ഭൂവുടമകളെ ഉണ്ടാക്കി കര്‍ഷകരെ ആധുനിക കാലത്തെ കര്‍ഷക അടിമകളാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ ബില്ല് കര്‍ഷകര്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുക. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് കോര്‍പറേറ്റുകള്‍ വില നിശ്ചയിക്കുന്നതിലെ അപകടത്തെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മറച്ചു പിടിക്കുന്നത്?,’ അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ പിന്തുണയ്ക്കുന്ന ബില്‍ ആയതിനാല്‍ അതിനെ എതിര്‍ക്കുന്നില്ലെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞത്.
പുതിയ കാര്‍ഷിക ബില്‍ കര്‍ഷകരെ സഹായിക്കുമെന്നും താങ്ങു വില ഉറപ്പുനല്‍കുമെന്നുമാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ബില്ലിനെതിരെ കര്‍ഷകര്‍ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലാണ്.
ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. കാര്‍ഷിക നയത്തോട് പ്രതിഷേധിച്ച് സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിടുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kamal Haasan against A.I.A.D.M.K stand on fram bills