| Thursday, 20th June 2024, 12:33 pm

നായകന്‍ ചുമ്മാ പാട്ടും പാടി നടക്കുന്ന സമയത്ത് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം വില്ലന് ചെയ്യാം, അതുകൊണ്ടാണ് ഞാന്‍ വില്ലനാവാന്‍ തീരുമാനിച്ചത്: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. മഹാഭാരത കാലത്ത് ആരംഭിച്ച് എ.ഡി 2898ല്‍ അവസാനിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, ദീപികാ പദുകോണ്‍, ദിശാ പഠാനി തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

കമല്‍ ഹാസന്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും കല്‍ക്കിക്കുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ വെറും സെക്കന്‍ഡുകള്‍ മാത്രം വന്നുപോകുന്ന കമല്‍ ഹാസന്റെ ഗെറ്റപ്പും വലിയ രീതിയില്‍ ചര്‍ച്ചയായി. സുപ്രീം യാഷ്‌കിന്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ കല്‍ക്കിയില്‍ അവതരിപ്പിക്കുന്നത്. എന്തുകൊണ്ട് വില്ലന്‍ വേഷം തെരഞ്ഞെടുത്തു എന്നതിന് മറുപടി നല്‍കുകയാണ് താരം.

എല്ലായ്‌പ്പോഴും വില്ലനാകാനാണ് തനിക്ക് ആഗ്രഹമെന്നും, നായകന്‍ ചുമ്മാ പാട്ടും പാടി നടക്കുന്ന സമയത്ത് വില്ലന് തനിക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാമെന്നും ഈ സിനിമയില്‍ അങ്ങനെയൊരു വില്ലനായതുകൊണ്ടാണ് താന്‍ ഈ കഥാപാത്രം തെരഞ്ഞെടുത്തതെന്നും കമല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പ്രീ റിലീസ് ഇവന്റിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് പലപ്പോഴും വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നു. വില്ലനാണെങ്കിലും അയാളും കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യുമല്ലോ. മാത്രമല്ല, നായകന്‍ ചുമ്മാ പാട്ടും പാടി നായികക്ക് വേണ്ടി കാത്തിരിക്കുന്ന സമയത്ത് വില്ലന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സമയം കിട്ടുമല്ലോ. അതുകൊണ്ടാണ് ഞാന്‍ ഈ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചത്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan about why he chose villain character in Kalki 2898 AD

We use cookies to give you the best possible experience. Learn more