ദശാവതാരത്തിലെ ബല്‍റാം നായിഡുവിന് പ്രചോദനമായത് അയാളാണ്: കമല്‍ ഹാസന്‍
Entertainment
ദശാവതാരത്തിലെ ബല്‍റാം നായിഡുവിന് പ്രചോദനമായത് അയാളാണ്: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th July 2024, 3:38 pm

ലോകസിനിമയിലെ തന്നെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് ദശാവതാരം. കമല്‍ ഹാസന്‍ തിരക്കഥയെഴുതി കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പത്ത് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കമല്‍ ഹാസന്‍ സിനിമാലോകത്തെ ഞെട്ടിച്ചു. 2008ല്‍ പുറത്തിറങ്ങിയ ദശവാതാരം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി.

സിനിമയില്‍ ഏറ്റവും രസകരമായ കഥാപാത്രമായിരുന്നു ബല്‍റാം നായിഡു എന്ന പൊലീസ് ഓഫീസര്‍. ഒരേസമയം കര്‍ക്കശക്കാരനും അതോടൊപ്പം സ്വല്പം കോമഡിയും ചേര്‍ന്ന കഥാപാത്രമാണ് ബല്‍റാം നായിഡു. തെലുങ്ക് കലര്‍ന്ന തമിഴ് സംസാരരീതിയാണ് ഈ കഥാപാത്രത്തിന്റെ ഹൈലൈറ്റ്. തന്റെ സുഹൃത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

ഇന്ത്യന്‍ ആദ്യ ഭാഗം നിര്‍മിച്ച എ.എം രത്‌നമാണ് ബല്‍റാം നായിഡുവിന് പ്രചോദനമായതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ആന്ധ്രയില്‍ ജനിച്ചുവളര്‍ന്ന രത്‌നം സംസാരിക്കുമ്പോള്‍ പലപ്പോഴും തെലുങ്ക് കയറിവരുമായിരുന്നെന്നും ആ സംസാരശൈലി കേള്‍ക്കാന്‍ പ്രത്യേക രസമായിരുന്നെന്നും താരം പറഞ്ഞു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ദശാവതാരത്തില്‍ അധികം എഫര്‍ട്ടെടുക്കാതെ ചെയ്തത് നമ്പിയുടെ കഥാപാത്രത്തെയാണ്. ആകെ മുടി ഒന്ന് ട്രിം ചെയ്തതേ ഉണ്ടായിരുന്നുള്ളൂ. അതിലെ ബല്‍റാം നായിഡു എന്ന കഥാപാത്രത്തിന്റെ മാനറിസം എനിക്ക് കിട്ടിയത് തെലുങ്കിലെ ഒരു നിര്‍മാതാവിന്റെയടുത്ത് നിന്നാണ്. ഇന്ത്യന്‍ ആദ്യഭാഗം നിര്‍മിച്ച എ.എം രത്‌നത്തിന്റെ മാനറിസമാണ് ഞാന്‍ സ്വീകരിച്ചത്.

അദ്ദേഹം ആന്ധ്രയില്‍ ജനിച്ചുവളര്‍ന്നയാളാണ്. നന്നായി തമിഴ് സംസാരിക്കുന്നയാളാണ് രത്‌നം. പക്ഷേ ഇടയ്ക്കിടക്ക് തെലുങ്ക് കയറിവരാറുണ്ട്. ആ സംസാരരീതി കേട്ടിരിക്കാന്‍ നല്ല രസമാണ്. തമിഴ്‌നാട്ടില്‍ അദ്ദേഹം ഒരുപാട് വേദികളില്‍ തമിഴില്‍ വലിയ പ്രസംഗം നടത്തിയിട്ടുണ്ട്. ആ ഒരു രീതി ബല്‍റാം നായിഡുവിന് ചേരുമെന്ന് തോന്നിയതുകൊണ്ടാണ് ഞാനത് ദശാവതാരത്തിലേക്ക് എടുത്തത്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan about the inspiration for Balram Naidu’s character in Dasavatharam