Entertainment
19ാം വയസില്‍ ആദ്യത്തെ ഫിലിംഫെയര്‍ അവാര്‍ഡ് വാങ്ങിയ സമയത്താണ് ഞാന്‍ ആ പരീക്ഷണ സിനിമയെക്കുറിച്ച് ചിന്തിച്ചത്: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 14, 11:20 am
Saturday, 14th December 2024, 4:50 pm

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

കമല്‍ ഹാസനെ നായകനാക്കി സിംഗിതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പുഷ്പക വിമാനം. നിശബ്ദചിത്രമായി ഒരുങ്ങിയ പുഷ്പകവിമാനം കമല്‍ ഹാസന്റെ കരിയറിലെ ധീരമായ പരീക്ഷണങ്ങളിലൊന്നാണ്. ശബ്ദചിത്രങ്ങള്‍ അരങ്ങുവാഴുന്ന കാലത്ത് നിശബ്ദചിത്രം ഒരുക്കുക എന്ന വലിയ ടാസ്‌കാണ് കമല്‍ അന്ന് ഏറ്റെടുത്തത്.

റിലീസ് ചെയ്ത സമയത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് കാലങ്ങള്‍ക്ക് ശേഷം പലരും ചിത്രത്തെ ക്ലാസിക് എന്ന് വാഴ്ത്തി. ചിത്രത്തെക്കുറിച്ച് ആദ്യം ചിന്തിച്ചുതുടങ്ങിയത് 1974ലായിരുന്നെന്ന് പറയുകയാണ് കമല്‍ ഹാസന്‍. തന്റെ 19ാം വയസില്‍ ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് നേടിയപ്പോഴാണ് സിംഗിതം ശ്രീനിവാസനെ പരിചയപ്പെട്ടതെന്നും ആ വേദിയില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടുപേര്‍ തങ്ങളായിരുന്നെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ആ സമയത്താണ് അദ്ദേഹം തന്നോട് പുഷ്പകവിമാനത്തിന്റെ ഐഡിയ പറഞ്ഞതെന്നും പിന്നീട് അത് സിനിമാരൂപത്തിലേക്കെത്താന്‍ വര്‍ഷങ്ങളെടുത്തെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. സിംഗിതം ശ്രീനിവാസ റാവുവിനെക്കുറിച്ചുള്ള പ്രത്യേകപരിപാടിയിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

‘എന്റെ 19ാം വയസിലാണ് ആദ്യത്തെ ഫിലിംഫെയര്‍ അവാര്‍ഡ് വാങ്ങുന്നത്. 1974ലാണ് ഞാന്‍ ആ അവാര്‍ഡ് വാങ്ങിയത്. അന്നാണ് ഞാന്‍ സിംഗിതത്തെ ആദ്യമായി കാണുന്നത്. ആ വേദിയില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടുപേര്‍ ഞങ്ങളായിരുന്നു. അന്ന് സിംഗിതം എന്നോട് ഒരു കഥ പറഞ്ഞിരുന്നു. താരതമ്യേന പുതുമുഖങ്ങളായ ഞങ്ങള്‍ക്ക് ആ സമയത്ത് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1987ലാണ് ആ സിനിമ ചെയ്യാന്‍ പറ്റിയത്. അതാണ് പുഷ്പകവിമാനം.

തഗ് ലൈഫാണ് കമല്‍ ഹാസന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ പൂര്‍ത്തിയായിരുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ സിലമ്പരസന്‍ ടി.ആറും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അശോക് സെല്‍വന്‍, ജോജു ജോര്‍ജ്, അഭിരാമി, ഐശ്വര്യ ലക്ഷ്മി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2025 ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Kamal Haasan about Pushpak movie