ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം തന്റെ കരിയരില്‍ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല.
64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ സിനിമയില്‍ കൈ വെക്കാത്ത മേഖലകളില്ല. അഞ്ച് ദേശീയ അവാര്‍ഡും, നിരവധി സംസ്ഥാന അവാര്‍ഡും നേടിയ കമല്‍ ഹാസന്‍ ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണ്.
നാല് വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശേഷം കമല്‍ ഹാസന്‍ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ആറ് വര്‍ഷത്തോളം ബാഹുബലി കൈയടക്കിവെച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റെന്ന റെക്കോഡ് തിരിച്ചെടുത്തിരുന്നു. 420 കോടിയോളമാണ് വിക്രം നേടിയത്.
1986ല്‍ രാജശേഖറിന്റ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിക്രം എന്ന സിനിമയിലെ അതേ കഥാപാത്രത്തെ തിരിച്ചുകൊണ്ടുവന്ന സിനിമയാണ് പുതിയ വിക്രം. എന്നാല്‍ 36 വര്‍ഷം മുമ്പ് പല സംവിധായകരും റിജക്ട് ചെയ്ത ചിത്രമായിരുന്നു ഇപ്പോഴത്തെ വിക്രമെന്ന് കമല്‍ ഹാസന്‍ വെളിപ്പെടുത്തി.
നാല് റീല്‍ കഴിഞ്ഞിട്ടും നായകനെ കാണിക്കാത്ത ചിത്രം ഓടില്ലെന്ന് പറഞ്ഞതുകൊണ്ട് അന്ന് താന്‍ എഴുതിയ തിരക്കഥ മാറ്റിയെഴുതിയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഫാന്‍സ് മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഇപ്പോള്‍ ലോകേഷ് ചെയ്തുവെച്ചിരിക്കുന്ന വിക്രം 36 വര്‍ഷം മുമ്പ് ഞാനും സുജാതയും ആലോചിച്ച കഥയായിരുന്നു. എന്നാല്‍ ഒരു സംവിധായകനും അന്ന് ആ സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ചില്ല. പ്രേക്ഷകര്‍ അന്ന് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായിരുന്നു. എന്നാല്‍ സംവിധായകര്‍ക്ക് ആ ധൈര്യം ഉണ്ടായിരുന്നില്ല.
അന്നൊക്കെ റീലിന്റെ കണക്കായിരുന്നല്ലോ, നാല് റീല്‍ കഴിഞ്ഞിട്ടും നായകനെ കാണിക്കാത്ത സിനിമ എങ്ങനെ ഓടുമെന്ന് ചോദിച്ചപ്പോള്‍ ആ തിരക്കഥ മാറ്റിയെഴുതി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകേഷ് ആ കഥ ഏറ്റെടുത്ത് ചെയ്തപ്പോള്‍ വലിയ വിജയമായി,’ കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan about old Vikram movie and Lokesh Kanagaraj