| Sunday, 30th June 2024, 7:52 pm

ഇന്ത്യന്‍ 2വില്‍ ഞാന്‍ ഇല്ലായിരുന്നെങ്കിലും ശങ്കര്‍ അയാളെ ഉപേക്ഷിക്കില്ലായിരുന്നു: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍2. ഷങ്കര്‍- കമല്‍ ഹാസന്‍ എന്നിവര്‍ ഒന്നിച്ച് 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. 2109ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോവുകയായിരുന്നു. 2023ല്‍ ചിത്രീകരണം അവസാനിച്ച ഇന്ത്യന്‍ 2 ജൂലൈ 12ന് തിയേറ്ററുകളിലെത്തും.

ആദ്യ ഭാഗത്തില്‍ എ.ആര്‍ റഹ്‌മാനാണ് സംഗീതം നല്‍കിയത്. കാലങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടുകളാണ് റഹ്‌മാന്‍ കമ്പോസ് ചെയ്തത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ റഹ്‌മാന് പകരം അനിരുദ്ധാണ് സമഗീതസംവിധാനം. ഇതിന്റെ പേരില്‍ ആദ്യമൊക്കെ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേട്ടിരുന്നെങ്കിലും ആദ്യ ഗാനം കൊണ്ട് അനിരുദ്ധ് അതെല്ലാം തിരുത്തി പറയിച്ചു.

ഇന്ത്യന്‍ 2വില്‍ അനിരുദ്ധിനെ കൊണ്ടുവന്നതിനോട് പ്രതികരിക്കുകയാണ് കമല്‍ ഹാസന്‍. താന്‍ ഈ സിനിമ ഉപേക്ഷിച്ചാല്‍ പോലും ഷങ്കര്‍ അനിരുദ്ധിനെ ഉപേക്ഷിക്കില്ലായിരുന്നുവെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. അനിരുദ്ധിനെ ഈ സിനമയിലേക്ക് വേണമെന്നുള്ളത് ഷങ്കറിന്റെ നിര്‍ബന്ധമായിരുന്നെന്നും അതില്‍ തനിക്ക് പങ്കില്ലെന്നും താരം പറഞ്ഞു.

ഇളയരാജയുടെയും റഹ്‌മാന്റെയും ആരാധകനാണ് താനെന്നും 40 വര്‍ഷമായി ഇളയരാജയുടെ പാട്ടുകളും 30 വര്‍ഷമായി റഹ്‌മാന്റെ പാട്ടുകളും കേട്ടുകൊണ്ടിരിക്കുന്ന ആളാണ് താനെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഇനി ഭാവിയില്‍ അനിരുദ്ധിന്റെ പാട്ടുകള്‍ താന്‍ കേട്ടേക്കാമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘അനിരുദ്ധിനെ ഈ സിനിമയിലേക്ക് കൊണ്ടുവന്നത് ഷങ്കറാണ്. ഈ സിനിമ ഞാന്‍ ചെയ്യാതെ ഉപേക്ഷിച്ചാല്‍ പോലും അനിരുദ്ധിനെ ഷങ്കര്‍ ഉപേക്ഷിക്കില്ല. കാരണം, സംവിധായകന്റെ തീരുമാനമാണ് ആര് വേണമെന്നും വേണ്ടെന്നുമുള്ളത്. എന്നോട് ചോദിച്ചാല്‍ ഞാന്‍ ഇളയരാജയുടെയും, എ.ആര്‍ റഹ്‌മാന്റെയും ആരാധകനാണ്. അവര്‍ രണ്ടുപേരുടെയും പാട്ടുകളാണ് ഞാന്‍ ഏറ്റവുമധികം കേട്ടിട്ടുള്ളത്.

40 വര്‍ഷമായി ഇളയരാജയുടെയും 30 വര്‍ഷമായി റഹ്‌മാന്റെയും പാട്ടുകളാണ് ഞാന്‍ അധികവും കേള്‍ക്കാറുള്ളത്. അനിരുദ്ധ് കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരാളാണ്. അത്രയും കഴിവുള്ള ഒരാളാണ് അനിരുദ്ധെന്ന് ഞാന്‍ കരുതുന്നു. ഭാവിയില്‍ അനിരുദ്ധിന്റെ പാട്ടുകള്‍ക്കും ഞാന്‍ ആരാധകനാകുമെന്ന് തന്നെയാണ് കരുതുന്നത്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan about Anirudh in Indian 2

We use cookies to give you the best possible experience. Learn more