ഉള്ളടക്കത്തില്‍ മോഹന്‍ലാലിന്റെ നായികയായി ആദ്യം തീരുമാനിച്ചത് രേവതിയെയായിരുന്നു, പക്ഷേ അവരെ മാറ്റാന്‍ കാരണം അതാണ്: കമല്‍
Entertainment
ഉള്ളടക്കത്തില്‍ മോഹന്‍ലാലിന്റെ നായികയായി ആദ്യം തീരുമാനിച്ചത് രേവതിയെയായിരുന്നു, പക്ഷേ അവരെ മാറ്റാന്‍ കാരണം അതാണ്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd February 2024, 10:03 pm

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ കമല്‍ 40ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. 1991ല്‍ പുറത്തിറങ്ങിയ ഉള്ളടക്കം എന്ന സിനിമിലൂടെയാണ് ആദ്യമായി സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ആ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട ഓര്‍മകള്‍ കൗമുദി ടി.വി. യിലെ മത്സരത്തില്‍ പങ്കുവെച്ചു.

‘എനിക്ക് ആദ്യമായി മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത് ഉള്ളടക്കം എന്ന സിനിമക്കായിരുന്നു. വിഷ്ണുലോകം എന്ന സിനിമ റിലീസായിക്കഴിഞ്ഞ ശേഷം ഒരു ദിവസം മോഹന്‍ലാല്‍ എന്നെ വിളിച്ചിട്ട് ഒരു സിനിമ ചെയ്താലോ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്‍ സുരേഷ് ബാലാജിക്ക് ലാലിനെ വെച്ചൊരു സിനിമ ചെയ്യണമെന്നുണ്ട്. ആര് സംവിധാനം ചെയ്യുമെന്ന് ലാലിനോട് ചോദിച്ചപ്പോള്‍ എന്റെ പേരാണ് ലാല്‍ സജസ്റ്റ് ചെയ്തത്.

അങ്ങനെ അതിനെപ്പറ്റിയുള്ള ഡിസ്‌കഷന് വേണ്ടി ഊട്ടിയിലേക്ക് പോയി. കിലുക്കത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ലാല്‍ അപ്പോള്‍ അവിടെയായിരുന്നു. ലാലിന്റെ സുഹൃത്ത് ചെറിയാന്‍ കല്പകവാടിയും അവിടെ ഉണ്ടായിരുന്നു. അയാള്‍ ഒരു കഥ പറഞ്ഞു. മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത കഥയായിരുന്നു അത്. ആ കഥ മതിയെന്ന് എല്ലാവരും തീരുമാനിച്ചു. അതിന്റെ തിരക്കഥയെഴുതാന്‍ പി. ബാലചന്ദ്രനെ വിളിച്ചു.അങ്ങനെ ബാലേട്ടന്‍ ആ തിരക്കഥയെഴുതി.
സിനിമയുടെ ലൊക്കേഷന്‍ ഊട്ടി മതിയെന്ന് തീരുമാനിച്ചു.

ആ സിനിമക്ക് ആവശ്യമായ റഫറന്‍സിന് വേണ്ടി ഒരുപാട് മെന്റല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ പോവുകയും അവിടെയുള്ള ഡോക്ടര്‍മാരുമായും രോഗികളുമായുമൊക്കെ സംസാരിച്ചിരുന്നു. അങ്ങനെ അതിന്റെ ചര്‍ച്ചകളൊക്കെ തീരാറായപ്പോള്‍ ആര് നായികയാവും എന്ന ചോദ്യം വന്നു. ആദ്യം മനസില്‍ വന്ന പേര് രേവതിയുടേതായിരുന്നു. എന്നാല്‍ അവര്‍ തൊട്ടു മുമ്പ് കിലുക്കത്തില്‍ അതുപോലൊരു കഥാപാത്രം ചെയ്തതുകൊണ്ട് രേവതിയെ മാറ്റേണ്ടി വന്നു. പിന്നീട് സുരേഷ് ബാലാജിയാണ് അമലയുടെ പേര് സജസ്റ്റ് ചെയ്തത്. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ അമല പ്രശസ്തയായി നില്‍ക്കുന്ന സമയമായിരുന്നു അത്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal explains why he did not cast Revathi in Ulaldakkam movie