| Monday, 9th April 2018, 12:17 pm

'കൊച്ചി പഴയ കൊച്ചി തന്നെയാണ്'; മമ്മൂട്ടി ചിത്രത്തിലെ ഡയലോഗിനെതിരെ കമല്‍, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ ഡയലോഗ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന കൊച്ചി പഴയ കൊച്ചിയല്ലെന്ന ഡയലോഗിനെതിരെയാണ് കമല്‍ രംഗത്തെത്തിയത്.

“കൊച്ചി പഴയ കൊച്ചിയാണ് എന്നുള്ളതാണ് സത്യം. കാരണം കൊച്ചി പഴയ കൊച്ചിയല്ല എന്ന് ചലച്ചിത്രത്തിലൂടെ ഒരു സന്ദേശം നല്‍കുമ്പോള്‍ അത് കൊടുക്കുന്നത് പുതിയ തലമുറയ്ക്ക് വളരെ തെറ്റായ ഒരു ധാരണയാണ് കൊച്ചിയെക്കുറിച്ച് കൊടുക്കുന്നത്.”

ഗ്രാമഫോണ്‍ എന്ന ചിത്രം കൊച്ചിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും പക്ഷെ മട്ടഞ്ചേരിക്കാര്‍ തന്നോട് പൂര്‍ണ്ണമായി സഹകരിച്ചുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് കണ്ടപ്പോള്‍ ചില സുഹൃത്തുക്കള്‍ ആ സിനിമയെക്കുറിച്ച് പറഞ്ഞുവെന്നും ആ സിനിമയില്‍ മാത്രമാണ് കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കാണാഞ്ഞതെന്നു പറഞ്ഞുവെന്നും കമല്‍ പറഞ്ഞു.

ഫോര്‍ട്ടുകൊച്ചിയിലെ ഇസ്‌ലാമിക ഹെറിറ്റേജ് സെന്റര്‍ ഉദ്ഘാടനത്തിനിടെയായിരുന്നു കമലിന്റെ പരാമര്‍ശം.


Also Read: ദളിത് ഹര്‍ത്താല്‍ ശക്തമാകുന്നു; ബസിനടിയില്‍ കിടന്ന് പ്രതിഷേധം, കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെക്കണമെന്ന് പൊലീസ്


അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബിഗ് ബി. മമ്മൂട്ടി, നഫീസ അലി, മനോജ് കെ.ജയന്‍, ബാല, പശുപതി തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങള്‍. 2007 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഛായഗ്രഹണമികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നേരത്തെ മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. നടി പാര്‍വതിയായിരുന്നു സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്.

Watch This Video:

We use cookies to give you the best possible experience. Learn more