മലയാളത്തിലും തമിഴിലുമായി അഭിനയിക്കാനിരുന്ന ആദ്യത്തെ മൂന്ന് സിനിമകളും നടക്കാതെ പോയ നടിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. ഇന്ന് ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള മികച്ച നടിമാരില്‍ ഒരാളായ വിദ്യാബാലനെക്കുറിച്ചാണ് കമല്‍ സംസാരിച്ചത്. ലോഹിതദാസിന്റെ തിരക്കഥയില്‍ താന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന ‘ചക്ര’മാണ് വിദ്യാ ബാലന്‍ ആദ്യമായി അഭിനയിച്ച സിനിമയെന്നും എന്നാല്‍ അത് മുടങ്ങിപ്പോയെന്നും കമല്‍ പറഞ്ഞു.
മഴയെത്തും മുമ്പേയുടെ ഹിന്ദി റീമേക്കിന്റെ ഷൂട്ട് മുംബൈയില്‍ നടന്നുകൊണ്ടിരുന്നപ്പോഴാണ് വിദ്യയെ ആദ്യമായി കണ്ടതെന്നും അവരെ ആദ്യമായി ഓഡിഷന്‍ ചെയ്തത് താനും ലോഹിതദാസുമാണെന്നും കമല്‍ പറഞ്ഞു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
‘വിദ്യാ ബാലനെ ഞാന്‍ ആദ്യമായി കാണുന്നത് മുംബൈയില്‍ വെച്ചാണ്. മഴയെത്തും മുമ്പേയുടെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിന്റെ സമയത്തായിരുന്നു അത്. അന്ന് ഒന്നുരണ്ട് പരസ്യ ചിത്രത്തില്‍ വിദ്യ അഭിനയിച്ചിട്ടുണ്ടായിരുന്നു. അച്ഛന്റെ കൂടെ അന്ന് സെറ്റിലെത്തിയ വിദ്യ അഭിനയിക്കാന്‍ ഒരു ചാന്‍സ് തരുമോ എന്ന് ചോദിച്ചു. നോക്കാമെന്ന് പറഞ്ഞ് അവരുടെ ഫോട്ടോ വാങ്ങി വെച്ചു.
തിരിച്ചെത്തിയ ശേഷം ഞാനും ലോഹിതദാസും ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. മോഹന്‍ലാലും ദിലീപുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. മോഹന്‍ലാലിന്റെ നായികയായി വിദ്യാ ബാലനെ കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചു. അതിന് വേണ്ടിയുള്ള ഓഡിഷന് വിദ്യയോട് ഷൊര്‍ണൂരിലേക്ക് വരാന്‍ പറഞ്ഞു. വിദ്യയെ ആദ്യമായി ഓഡിഷന്‍ ചെയ്തത് ഞാനും ലോഹിയുമാണ്. അവരെ ആ റോളിലേക്ക് തെരഞ്ഞെടുത്തു.
പൊള്ളാച്ചിയിലായിരുന്നു ഷൂട്ട്. കുറച്ച് സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ആ സിനിമയുടെ ഷൂട്ട് മുടങ്ങി. അതിനിടയില്‍ ദിലീപിന്റെ കൈ ഫ്രാക്ചറായി ഷൂട്ട് നിര്‍ത്തിവെച്ചു. ഞാനും ലാലും വേറെ സിനിമയിലേക്ക് പോയി. അങ്ങനെ ആ സിനിമ ഡ്രോപ്പായി. അതിന് ശേഷം വിദ്യ ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ ആ സിനിമയും മുടങ്ങിപ്പോയി.
പിന്നീട് വീണ്ടും മുകേഷ് നായകനാകുന്ന സിനിമയിലേക്ക് വിദ്യക്ക് ഒരു ഓഫര്‍ വന്നിരുന്നു. ആദ്യത്തെ രണ്ട് സിനിമയും മുടങ്ങിയതുകൊണ്ട് അവര്‍ എന്നെ വിളിച്ച് ഈ സിനിമ എങ്ങനെയുള്ളതാണെന്ന് അന്വേഷിക്കാന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ആ സിനിമയും നടന്നില്ല. അങ്ങനെ ആദ്യത്തെ മൂന്ന് സിനിമയും മുടങ്ങിപ്പോയ നായികയായി വിദ്യാ ബാലന്‍. പിന്നീട് ഒരു ഹിന്ദി സിനിമയില്‍ അവസരം കിട്ടി, ഇന്ന് അവര്‍ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായി അവര്‍ മാറി,’ കമല്‍ പറഞ്ഞു.
Content Highlight: Kamal about Vidya Balan’s first movie