| Sunday, 14th January 2024, 4:37 pm

ആ സിനിമ പ്രതീക്ഷിച്ച രീതിയിൽ ഉയർന്നില്ല; പിന്നീട് ഞാൻ തീരുമാനിച്ചത്.... : കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് വർഷം സിനിമയിൽ നിന്നും വിട്ടു നിന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന സമയത്താണ് ആമിയും പ്രണയ മീനുകളുടെ കടലും ചെയ്യുന്നതെന്ന് കമൽ പറഞ്ഞു. ആ സമയത്ത് കൊവിഡും പ്രളയവും വന്നതോടെ എല്ലാ മേഖലയിലും ഉണ്ടായ മാന്ദ്യം സിനിമയെയും ബാധിച്ചെന്നും കമൽ കൂട്ടിച്ചേർത്തു. പ്രണയ മീനുകളുടെ കടൽ താൻ പ്രതീക്ഷിച്ച രീതിയിൽ സ്വീകരിക്കപെടാതിരുന്നപ്പോൾ അടുത്ത ചിത്രം അല്പം കൂടി സമയമെടുത്ത് ചെയ്താൽ മതിയെന്ന് തീരുമാനിച്ചെന്നും കമൽ മലയാള മനോരമയോട് പറഞ്ഞു.

‘ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന സമയത്താണ് ആമിയും പ്രണയ മീനുകളുടെ കടലും ചെയ്യുന്നത്. ആ സമയത്താണ് പ്രളയവും പിന്നാലെ കൊവിഡും വരുന്നത്. അതോടെ എല്ലാ മേഖലയിലും ഉണ്ടായ മാന്ദ്യം സിനിമയെയും ബാധിച്ചു. അക്കാദമി ചെയർമാൻ എന്ന നിലയിലുള്ള തിരക്കുകൾ കാരണം സിനിമയിൽ നിന്ന് അല്പം മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ പ്രണയ മീനുകൾ ഞാൻ പ്രതീക്ഷിച്ച രീതിയിൽ സ്വീകരിക്കപ്പെട്ടില്ല. അതോടെ അടുത്ത ചിത്രം അല്പം കൂടി സമയമെടുത്ത് ചെയ്താൽ മതിയെന്ന് തീരുമാനിച്ചു,’ കമൽ പറഞ്ഞു.

ഇന്നത്തെ കാലത്ത് സിനിമയുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ചും കമൽ അഭിമുഖത്തിൽ സംസാരിച്ചു. ‘ഇത്രയധികം സിനിമകൾ എങ്ങനെ എല്ലാവർഷവും പുറത്തിറങ്ങുന്നു എന്ന് ഇത് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. പണ്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചാലോ മൂന്നോ നാലോ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചാലോ മാത്രമേ സിനിമ സംവിധായകൻ ആകാനുള്ള യോഗ്യത ലഭിക്കു.

എന്നാൽ ഇന്ന് ഒരു ഷോർട്ട് ഫിലിം എടുത്താൽ പണം മുടക്കാൻ ഒരു നിർമാതാവിനെ കിട്ടിയാൽ സിനിമ സംഭവിക്കും. ഡിജിറ്റൽ രംഗത്തെ കുതിച്ചുചാട്ടം ആകാം ഇതിനു കാരണം. ഏതൊരു കാര്യവും അധികമായാൽ അതിന്റെ ഗുണമേന്മയും തെരഞ്ഞെടുപ്പിനെയും ബാധിക്കും,’ കമൽ പറയുന്നു.

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് കമൽ. മമ്മൂട്ടി മോഹൻലാൽ തുടങ്ങി മലയാളത്തിലെ മികച്ച താരങ്ങളെ വെച്ച് കമൽ സിനിമ ചെയ്തിട്ടുണ്ട്. അതുപോലെ സൂപ്പർതാരങ്ങളെപ്പോലെ തന്നെ ഇന്ന് മലയാളത്തിലെ യുവ താരങ്ങളെ വെച്ചും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. ഷൈൻ ടോം ചാക്കോയെ നായകനാക്കി കൊണ്ട് കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’.

Content Highlight: Kamal about the reason away from films for four years

We use cookies to give you the best possible experience. Learn more