Entertainment
മമ്മൂട്ടിയുടെ കഥാപാത്രം വിര്‍ജിന്‍ അല്ലാത്ത നായികയെ സ്വീകരിച്ചതുകൊണ്ടാണ് അന്നത്തെ പ്രേക്ഷകര്‍ ആ സിനിമ പരാജയമാക്കിയത്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 14, 02:44 am
Wednesday, 14th August 2024, 8:14 am

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് കമല്‍- ശ്രീനിവാസന്‍ കോമ്പോ. പാവം പാവം രാജകുമാരന്‍, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, അയാള്‍ കഥയെഴുതുകയാണ് എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടിലൂടെ മലയാളികള്‍ക്ക് ലഭിച്ചു. മഴയെത്തും മുമ്പേയുടെ വന്‍ വിജയത്തിന് ശേഷം കമല്‍, ശ്രീനിവാസന്‍ മമ്മൂട്ടി എന്നിവര്‍ ഒന്നിച്ച സിനിമയാണ് അഴകിയ രാവണന്‍.

ചിത്രത്തിലെ കോമഡികളും പാട്ടുകളും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. എന്നാല്‍ റിലീസായ സമയത്ത് ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. താന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അഴകിയ രാവണനെന്ന് കമല്‍ പറഞ്ഞു. ചിത്രം പരാജയപ്പട്ടതിന് കാരണം അന്നത്തെ പ്രേക്ഷകരുടെ ചിന്താഗതിയാണെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.

കല്യാണത്തിന് മുമ്പ് ഭാനുപ്രിയയുടെ കഥാപാത്രം സ്‌നേഹിക്കുന്ന ആളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും മമ്മൂട്ടിയുടെ കഥാപാത്രം ഇതറിഞ്ഞപ്പോള്‍ ആദ്യം തകര്‍ന്നുപോവുകയും ചെയ്യുന്നുണ്ടെന്ന് കമല്‍ പറഞ്ഞു. പിന്നീട് ഭാനുപ്രിയയെ മമ്മൂട്ടി സ്വീകരിച്ചത് അന്നത്തെ പ്രേക്ഷകരുടെ ചിന്താഗതിക്ക് എതിരായിരുന്നുവെന്നും ഇക്കാരണം കൊണ്ടാണ് അഴകിയ രാവണന്‍ പരാജയമായതെന്നും കമല്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

മഴയെത്തും മുമ്പേക്ക് ശേഷം ഞാനും ശ്രീനിയും മമ്മൂട്ടിയും ഒന്നിച്ച സിനിമയാണ് അഴകിയ രാവണന്‍. പൊങ്ങച്ചക്കാരനായ ഒരു മുതലാളിയുടെ കഥ എന്ന രീതിക്കാണ് ആ സിനിമയുടെ കഥ എഴുതിത്തുടങ്ങിയത്. ഇന്നും ആളുകള്‍ ആസ്വദിക്കുന്ന ഒരുപാട് തമാശകള്‍ ആ സിനിമയിലുണ്ട്. ശ്രീനിയുടെ നോവലിസ്റ്റ് അംബുജാക്ഷന്‍, ഇന്നസെന്റിന്റെ കരയോഗം പ്രസിഡന്റ് എന്നീ ക്യാരക്ടേഴ്‌സിന്റെ കോമഡികള്‍ ആസ്വദിക്കുന്ന ധാരാളം ആളുകളുണ്ട്.

പക്ഷേ അന്നത്തെക്കാലത്ത് ഈ സിനിമ അത്ര വലിയ വിജയമായിരുന്നില്ല. അതിന്റെ കാരണം ഈ സിനിമയുടെ സെക്കന്‍ഡ് ഹാഫാണ്. മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട നായികയെ മമ്മൂട്ടിയുടെ കഥാപാത്രം സ്വീകരിക്കുന്നുണ്ട്. ഇത് പ്രേക്ഷകര്‍ക്ക് അക്‌സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. മമ്മൂട്ടിയുടെ നായിക വിര്‍ജിന്‍ അല്ല എന്ന കാര്യം സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയാറായില്ല. ഇന്നത്തെ കാലത്ത് ആളുകള്‍ ഈ കാര്യത്തില്‍ കണ്‍സേര്‍ണ്‍ അല്ല. പക്ഷേ അന്ന് ഇത് വലിയൊരു വിഷയമായതുകൊണ്ട് അഴകിയ രാവണന്‍ പരാജയമായി മാറി,’ കമല്‍ പറഞ്ഞു.

Content Highlight: Kamal about the failure of Azhakiya Ravanan movie