മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് കമല്‍- ശ്രീനിവാസന്‍ കോമ്പോ. പാവം പാവം രാജകുമാരന്‍, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, അയാള്‍ കഥയെഴുതുകയാണ് എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടിലൂടെ മലയാളികള്‍ക്ക് ലഭിച്ചു. മഴയെത്തും മുമ്പേയുടെ വന്‍ വിജയത്തിന് ശേഷം കമല്‍, ശ്രീനിവാസന്‍ മമ്മൂട്ടി എന്നിവര്‍ ഒന്നിച്ച സിനിമയാണ് അഴകിയ രാവണന്‍.
റിലീസായ സമയത്ത് ബോക്‌സ് ഓഫീസില്‍ പരാജയം രുചിക്കേണ്ടി വന്ന സിനിമയായിരുന്നു അഴകിയ രാവണന്‍. കാലങ്ങള്‍ക്ക് ശേഷം ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തിലെ പാട്ടുകളും കോമഡികളും ഇന്നും പലരുടെയും ഫേവറിറ്റാണ്. വിദ്യാസാഗറിന്റെ ആദ്യ മലയാലസിനിമ കൂടിയാണ് അഴകിയ രാവണന്‍. തന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് അഴകിയ രാവണനെന്ന് കമല്‍ പറഞ്ഞു.
ചിത്രത്തില്‍ ആരും മറക്കാത്ത കഥാപാത്രങ്ങളിലൊന്നാണ് ശ്രീനിവാസന്‍ അവതരിപ്പിച്ച നോവലിസ്റ്റ് അംബുജാക്ഷന്‍. മമ്മൂട്ടി അവതരിപ്പിച്ച ശങ്കര്‍ദാസിനോട് തന്റെ നോവല്‍ സിനിമയാക്കണമെന്ന് പറയുന്ന സീനിനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍. ഒറ്റ ഷോട്ടിലാണ് ആ സീന്‍ എടുത്തതെന്ന് കമല്‍ പറഞ്ഞു. എന്നാല്‍ എഡിറ്റിങ്ങിന്റെ സമയത്ത് ആ സീന്‍ വല്ലാത്ത ലെങ്തിയാണെന്നും അത് വെട്ടിക്കളയാനും പലരും തന്നോട് പറഞ്ഞെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.
ആ സീനിലെ ഹ്യൂമര്‍ അന്ന് പലര്‍ക്കും മനസിലായില്ലെന്നും തനിക്കും ശ്രീനിവാസനും ആ സീന്‍ വളരെയധികം ഇഷ്ടമായതുകൊണ്ട് കട്ട് ചെയ്തില്ലെന്നും കമല്‍ പറഞ്ഞു. പില്ക്കാലത്ത് ആ നോവലിനെ ആസ്പദമാക്കി ഒരു സിനിമ തന്നെയുണ്ടായെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കമല്‍.
‘ആ സിനിമയിലെ പല ഹ്യൂമറും അന്നത്തെ കാലത്ത് പലര്‍ക്കും മനസിലായില്ലായിരുന്നില്ല. ‘വേദനിക്കുന്ന കോടീശ്വരന്‍’ എന്ന ഡയലോഗില്‍ എന്താണ് കോമഡിയെന്ന് മമ്മൂക്ക എന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു. ആ സിനിമയിലെ ഏറ്റവും വലിയ കോമഡി സീനുകളിലൊന്നായിരുന്നു ശ്രീനിവാസന്റെ കഥാപാത്രം നോവലിന്റെ കഥ പറയുന്ന സീന്‍. ശങ്കര്‍ദാസ് സിനിമയെടുക്കുമ്പോള്‍ തന്റെ നോവല്‍ സിനിമയാക്കാന്‍ വേണ്ടി അംബുജാക്ഷന്‍ നടത്തുന്ന ശ്രമമാണ് അത്.
ഒറ്റ ഷോട്ടിലാണ് ആ സീന്‍ എടുത്തത്. ട്രോളിയില്‍ ക്യാമറ വെച്ച് ആ സീന്‍ എടുത്തുതീര്‍ത്തു. എഡിറ്റിങ്ങിന്റെ സമയത്ത് ആ സീന്‍ ഭയങ്കര ലാഗാണെന്ന് പലരും പറഞ്ഞു. അത് കട്ട് ചെയ്ത് കളയാന്‍ കുറേപ്പേര്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ക്ക് അതിലെ ഹ്യൂമര്‍ മനസിലായില്ലായിരുന്നു. പിന്നീട് കുറേകാലത്തിന് ശേഷം ആ നോവലിന്റെ പേരില്‍ ഒരു സിനിമ തന്നെയുണ്ടായി,’ കമല്‍ പറഞ്ഞു.
Content Highlight: Kamal about the comedy scene in Azhakiya Ravanan movie