അഞ്ച് പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന മികച്ച നടിമാരിൽ ഒരാളായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുകുമാരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
മികച്ച സഹ നടിക്കുള്ള നാഷണൽ അവാർഡും സ്വന്തമാക്കിയ സുകുമാരി മലയാളത്തിൽ പ്രിയദർശൻ, ലാൽജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ നിറസാന്നിധ്യമായിരുന്നു. സുകുമാരിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ കമൽ. സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു സമയത്ത് സംവിധായകരിൽ നിന്ന് വഴക്ക് കേൾപ്പിക്കാതെ സുകുമാരി തന്നെ രക്ഷിച്ചിട്ടുണ്ടെന്ന് കമൽ പറയുന്നു. അന്ന് തുടങ്ങിയ ആത്മബന്ധം പിന്നീട് ഒരുപാട് സിനിമകളിൽ ആവർത്തിച്ചിരുന്നുവെന്നും കമൽ പറയുന്നു.
‘പി.എൻ. മേനോൻ സാറിന്റെ സംവിധാനത്തിൽ മധു സാർ നിർമിച്ച ഒരു സിനിമയുണ്ട്, അർച്ചന ടീച്ചർ എന്നാണ് അതിന്റെ പേര്. ആ സിനിമയിൽ ഞാൻ സഹസംവിധായകനായി വർക്ക് ചെയ്തിട്ടുണ്ട്. അതിൽ വർക്ക് ചെയ്യുമ്പോൾ സിനിമയുടെ ആവശ്യത്തിന് വേണ്ടിയെടുത്ത ഒരു സാരി സുകുമാരി ചേച്ചി എടുക്കാൻ മറന്നു. സിനിമയുടെ കണ്ടിന്യുവിറ്റിക്ക് ആ സാരി ആവശ്യമായിരുന്നു.
ഷൂട്ടിങ് ആ ഒരൊറ്റ കാരണം കൊണ്ട് മുടങ്ങിപോവുമെന്ന അവസ്ഥയായി. സഹസംവിധായകൻ എന്ന നിലയിൽ കണ്ടിന്യുവിറ്റി ശ്രദ്ധിക്കുന്നത് എന്റെ പണിയാണല്ലോ.
ചേച്ചി എന്നെ സേവ് ചെയ്യാനായിട്ട് വീട്ടിൽ പോയി ആ സാരി കഷ്ട്ടപെട്ട് എടുത്തുകൊണ്ടുവന്നു. അല്ലെങ്കിൽ മധു സാറോടും മേനോൻ സാറോടും നല്ല വഴക്ക് കേൾക്കുമായിരുന്നു. ഷോട്ട് തുടങ്ങുന്നതിന് തൊട്ട് മുമ്പ് തന്നെ സുകുമാരി ചേച്ചി ആ സാരി കൊണ്ടുവന്നു.
എന്റെ കരിയറിന്റെ തുടക്കകാലത്ത് എന്നെ വല്ലാതെ സ്വാധീനിച്ച ഒരു നടിയാണ് സുകുമാരി ചേച്ചി. ആ രീതിയിലൊരു ആത്മബന്ധം തുടങ്ങിയത് അന്നാണ്. ഞാൻ പിന്നീട് ഒരു സംവിധായകനായി മാറിയപ്പോഴും ചേച്ചി എന്റെ ഒരുപാട് സിനിമകളിൽ ഭാഗമായിട്ടുണ്ട്. അതൊക്കെ നല്ല ഓർമയാണ്,’കമൽ പറയുന്നു.
Content Highlight: Kamal About Sukumari