അഭിനയത്തെക്കാള്‍ സംവിധാനമാണ് ആ നടന് ഇഷ്ടമെന്ന് അന്നേ മനസിലായിരുന്നു: കമല്‍
Entertainment
അഭിനയത്തെക്കാള്‍ സംവിധാനമാണ് ആ നടന് ഇഷ്ടമെന്ന് അന്നേ മനസിലായിരുന്നു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 4:22 pm

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു. പല ഴോണറുകളിലുള്ള സിനിമകള്‍ ഇക്കാലയളവില്‍ കമല്‍ മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്.

കമലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് 2002ല്‍ റിലീസായ നമ്മള്‍. ക്യാമ്പസ് സൗഹൃദവും പ്രണയവും സംസാരിച്ച ചിത്രത്തില്‍ പുതുമുഖങ്ങളായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, ഭാവന എന്നിവരുടെ ആദ്യ ചിത്രമായിരുന്നു നമ്മള്‍. ചിത്രത്തിലേക്ക് സിദ്ധാര്‍ത്ഥ് ഭരതന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍.

തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറാണ് സിദ്ധാര്‍ത്ഥിന്റെ പേര് നിര്‍ദേശിച്ചതെന്ന് കമല്‍ പറഞ്ഞു. ജിഷ്ണുവിന്റെ കഥാപാത്രത്തെ തീരുമാനിച്ച ശേഷമാണ് സിദ്ധാര്‍ത്ഥിലേക്കെത്തിയതെന്നും ഇക്കാര്യം കെ.പി.എ.സി ലളിതയോടാണ് ആദ്യം സംസാരിച്ചതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കെ.പി.എ.സി ലളിതക്ക് ആദ്യം ചെറിയൊരു പേടി ഉണ്ടായിരുന്നെന്നും താന്‍ അവരെ പറഞ്ഞ് മനസിലാക്കിയെന്നും കമല്‍ പറഞ്ഞു.

എന്നാല്‍ സിദ്ധാര്‍ത്ഥിന് അഭിനയത്തെക്കാള്‍ സംവിധാനത്തോടാണ് താത്പര്യമെന്ന് അന്നേ തനിക്ക് മനസിലായെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ എന്ന സിനിമയില്‍ ജിഷ്ണു വന്നതിന് ശേഷമാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. സിദ്ധാര്‍ത്ഥിനെപ്പറ്റി എന്നോട് പറയുന്നത് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറാണ്. ‘ഭരതേട്ടന്റെയും ലളിത ചേച്ചിയുടെയും മോന്‍ ഈ വേഷം ചെയ്താല്‍ നന്നാകും’ എന്ന് പുള്ളി പറഞ്ഞു. ഫോട്ടോയൊക്കെ കണ്ടപ്പോള്‍ ആ ക്യാരക്ടറിന് സിദ്ധു ഓക്കെയായി തോന്നി. ലളിത ചേച്ചിക്ക് ആദ്യം കുറച്ച് പേടിയുണ്ടായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞ് മനസിലാക്കിക്കൊടുത്തു. ‘ഷൂട്ടിന് മുമ്പ് ആക്ടിങില്‍ ട്രെയിനിങ് കൊടുക്കാന്‍ പറ്റുമോ’ എന്ന് ലളിത ചേച്ചി എന്നോട് ചോദിച്ചു.

അതിന്റെ ആവശ്യമൊന്നുമില്ല, ഫ്രഷായിട്ട് കിട്ടണം എന്ന് ഞാന്‍ ലളിത ചേച്ചിയോട് പറഞ്ഞു. സിദ്ധു വന്നു, നല്ല രീതിയില്‍ ആ ക്യാരക്ടര്‍ ചെയ്തു. ആക്ഷനും റൊമാന്‍സും, ഇമോഷന്‍സും എല്ലാം ചെയ്യാന്‍ പറ്റുന്ന ക്യാരക്ടറാണ്. അതെല്ലാം സിദ്ധു നന്നാക്കി. പക്ഷേ, അഭിനയത്തിനെക്കാള്‍ സംവിധാനത്തിലാണ് സിദ്ധുവിന്റെ ഇന്‍ട്രസ്റ്റ് എന്ന് എനിക്ക് അന്നേ മനസിലായിരുന്നു.’ കമല്‍ പറഞ്ഞു.

Content Highlight: Kamal about Sidharth Bharathan and Nammal movie