സംവിധായകൻ കമൽ യുവനായകൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’. ചിത്രത്തിൽ ഷൈനിനെ നായകനാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കമൽ. ഈ കഥ മനസിലേക്ക് വന്നപ്പോൾ തനിക്ക് ഏറ്റവും എളുപ്പം സമീപിക്കാവുന്ന നടനായിരുന്നു ഷൈൻ ടോം ചാക്കോയെന്ന് കമൽ പറഞ്ഞു.
അസിസ്റ്റന്റ് ഡയറക്ടായിരുന്ന കാലം മുതൽ ഷൈനിനെ തനിക്ക് അറിയാമെന്നും താൻ എപ്പോൾ വിളിച്ചാലും വരുമെന്ന് അറിയാമെന്നും കമൽ പറയുന്നുണ്ട്. തുടക്കകാലത്ത് അഭിനയിക്കാനുള്ള അമിതമായ അഭിനിവേശം കൊണ്ട് തന്നെ തേടിവരുന്ന എല്ലാ കഥാപാത്രങ്ങളും ഷൈൻ ചെയ്തിരുന്നെന്നും എന്നാൽ ഇപ്പോൾ കഥാപാത്രം തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധയുണ്ടെന്നും കമൽ കൂട്ടിച്ചേർത്തു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ കഥ മനസ്സിൽ വന്നപ്പോൾ എനിക്ക് ഏറ്റവും എളുപ്പം സമീപിക്കാവുന്ന താരം ആയിരുന്നു ഷൈൻ. ഞാൻ എപ്പോൾ വിളിച്ചാലും ഷൈൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടായിരുന്ന കാലം മുതൽ ഷൈനിനെ എനിക്കറിയാം. തുടക്കകാലത്ത് അഭിനയിക്കാനുള്ള അമിതമായ അഭിനിവേശം കൊണ്ട് തന്നെ തേടിവരുന്ന എല്ലാ കഥാപാത്രങ്ങളും ഷൈൻ ചെയ്യുമായിരുന്നു.
പിന്നെപ്പിന്നെ കഥാപാത്രം തെരഞ്ഞെടുക്കുന്നതിൽ കുറെ കൂടി ശ്രദ്ധിക്കാൻ തുടങ്ങി. ഏതുതരം കഥാപാത്രങ്ങളും ചെയ്യാൻ സാധിക്കുന്ന നടനാണ് ഷൈൻ. പുതിയ നടന്മാരിൽ ഇമേജിന്റെ യാതൊരു ഭാരവും ഇല്ലാത്ത നടനാണ് ഷൈൻ എന്ന് തോന്നിയിട്ടുണ്ട്,’ കമൽ പറഞ്ഞു.
സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ‘വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ ഷൈനിന്റെ നായികമാരായി എത്തുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.