| Saturday, 20th January 2024, 2:14 pm

കാരവനിൽ നിന്ന് നേരെ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വരേണ്ടതിന് പകരം അവന്‍ സെറ്റ് മുഴുവന്‍ ഒരു റൗണ്ട് ഓടും: ഷൈനെ കുറിച്ച് കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയില്‍ എത്തിയ താരമാണ് ഷൈന്‍ ടോം ചാക്കോ. നിരവധി ചിത്രങ്ങളില്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ഷൈന്‍ വളരെ ചെറിയ വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറിയ വ്യക്തികൂടിയാണ്.

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രം തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയില്‍ ഒരു ചെറിയ വേഷത്തില്‍ ഷൈന്‍ അഭിനയിച്ചിരുന്നെങ്കിലും കമലിന്റെ സിനിമയിലെ നായകനായി ഷൈന്‍ എത്തുന്നത് ആദ്യമാണ്.

സെറ്റിലെ ഷൈന്റെ രീതിയെ കുറിച്ചും ബഹളങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കമല്‍. ഏതൊക്കെ രീതിയില് പെരുമാറിയാലും അതൊന്നും ആരേയും ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ അല്ലെന്നും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ സിനിമയെ സമീപിക്കുന്ന ആളാണ് ഷൈന്‍ എന്നുമാണ് കമല്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ഫോണ്‍ വലിച്ചെറിയുക, നിലത്ത് കിടന്ന് ഉരുളുക, കാരവനില്‍ നിന്ന് ഇറങ്ങി ഓടുക തുടങ്ങിയ പരിപാടികളൊക്കെ സെറ്റില്‍ ഉണ്ടായിരുന്നെന്നും കമല്‍ പറഞ്ഞു.

‘ഫോണ്‍ വലിച്ചെറിയുന്ന പോലുള്ള സംഭവങ്ങളൊക്കെ സെറ്റിലുമുണ്ട്. രാവിലെ അവന്‍ വന്ന് കഴിഞ്ഞാല്‍ മേക്കപ്പ് ചെയ്യാന്‍ വേണ്ടി കാരവനില്‍ കയറും. സാര്‍ ഷൈന്‍ വന്നിട്ടുണ്ടെന്ന് അസിസ്റ്റന്റ് എന്റെ അടുത്ത് വന്ന് പറയും. ഷോട്ട് റെഡിയാകുമ്പോള്‍ ഞാന്‍ അവനെ വിളിക്കാന്‍ ആളെ വിടും.

ഇവന് കാരവനില്‍ നിന്ന് ഇറങ്ങി നേരെ ഞങ്ങളുടെ അടുത്തേക്ക് നടന്ന് വന്നാല്‍ മതി. അത് അവന്‍ വരില്ല. പകരം സെറ്റിന്റെ ബാക്കില്‍ കൂടി ഓടിപ്പിടഞ്ഞ് ക്യാമറയുടെ പിറകില്‍ വന്ന് നില്‍ക്കും.

ഷൈന്‍ എവിടെ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ ‘ഞാന്‍ ഇവിടെ ഉണ്ട് സാര്‍’ എന്ന മറുപടി കേള്‍ക്കും. നോക്കുമ്പോള്‍ ക്യാമറയുടെ പിറകില്‍ ഇങ്ങനെ നില്‍ക്കുന്നുണ്ടാകും. ഞാന്‍ കണ്ടിട്ടുണ്ടാവില്ല. എന്റെ മുന്‍പില്‍ അവന്‍ ഡീസന്റാണ്.

ബാക്കിയുള്ള സമയത്തൊക്കെ ഫോണ്‍ വലിച്ചെറിയുക നിലത്ത് കിടക്കുക പോലുള്ള പരിപാടിയൊക്കെയുണ്ട്. അത് എല്ലാവരും എന്‍ജോയ് ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍ ആര്‍ക്കും സെറ്റില്‍ ഒരു പ്രശ്‌നമുള്ളതായിട്ട് പറഞ്ഞ് കേട്ടിട്ടില്ല.

ഷോട്ടിന്റെ ആ സമയത്ത് കൃത്യമായി വരികയും വളരെ സീരിയസായിട്ട് കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. ഇത്രയൊന്നും ഇല്ലെങ്കിലും മോഹന്‍ലാലും ആദ്യ കാലത്ത് ഇങ്ങനെ തന്നെയായിരുന്നു. കുട്ടിക്കളിയാണ്. പക്ഷേ ക്യാമറയുടെ മുന്‍പില്‍ വന്നാല്‍ വളരെ സീരിയസാണ്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal about Shine Tom Chacko Behaviour on Location

We use cookies to give you the best possible experience. Learn more