കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. 1985ല്‍ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ഔസേപ്പച്ചന്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
ജോണ്‍സണ്‍ മാസ്റ്റര്‍, കണ്ണൂര്‍ രാജന്‍, ശ്യാം തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പവും ഇന്നത്തെ സുഷിന്‍ ശ്യാം, ദീപക് ദേവ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരോടൊപ്പവും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് അദ്ദേഹം.
യേശുദാസിന് നാഷണൽ അവാർഡ് നേടിക്കൊടുത്ത ഗാനമായിരുന്നു ഔസേപ്പച്ചൻ ഒരുക്കിയ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സോങ്. കമൽ സംവിധാനം ചെയ്ത ‘ഉണ്ണികളേ ഒരു കഥ പറയാം‘ എന്ന സിനിമയിലെ ഗാനമായിരുന്നു ഇത്. സിനിമയിൽ ഔസേപ്പച്ചൻ തന്നെ സംഗീതം ചെയ്യണമെന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നുവെന്നും നിർമാതാക്കളായ മോഹൻലാലിനും കൊച്ചുമോനുമെല്ലാം അതിൽ സമ്മതമുണ്ടായിരുന്നുവെന്നും കമൽ പറയുന്നു. ആ പാട്ട് മൂന്ന് സന്ദർഭങ്ങളിൽ ഒരുക്കാനാണ് ഔസേപ്പച്ചനോട് പറഞ്ഞതെന്നും കമൽ കൂട്ടിച്ചേർത്തു.
‘സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോനും മോഹൻലാലും ചേർന്നാണ് ‘ഉണ്ണികളേ ഒരു കഥപറയാം’ നിർമിച്ചത്. ഔസേപ്പച്ചൻ സംഗീതം ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹമെന്ന് മോഹൻലാലിനോടും കൊച്ചുമോനോടും ആദ്യമേ പറഞ്ഞിരുന്നു. അവർക്കും സന്തോഷമായിരുന്നു. തിരക്കഥാകൃത്ത് ജോൺ പോളും പറഞ്ഞു, നമുക്കെന്തായാലും ഔസേപ്പച്ചനെക്കൊണ്ട് സംഗീതം ചെയ്യിക്കാമെന്ന്.
അങ്ങനെ ഞാനും ബിച്ചു തിരുമലയും ഔസേപ്പച്ചനും കമ്പോസിങ്ങിനായി ഇരുന്നു. കഥാസന്ദർഭമൊക്കെ പറഞ്ഞുകൊടുത്തു. സിനിമയിൽ മൊത്തം അഞ്ച് പാട്ടുകളാണുള്ളത്. അതിൽ ഉണ്ണികളേ ഒരു കഥ പറയാം എന്ന പാട്ട് മൂന്ന് പ്രാവശ്യം വ്യത്യസ്‌ത സന്ദർഭങ്ങളിൽ വരുന്നുണ്ട്. മൂന്ന് വ്യത്യസ്‌തമായ സംഗീതത്തിൽ ഒരേ വരികളും ഒരേ പാട്ടും വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു.
അങ്ങനെ വരുമ്പോൾ ജനങ്ങൾക്ക് ബോറടിക്കില്ലേ എന്ന് ഔസേപ്പച്ചൻ എന്നോട് ചോദിച്ചു. എന്നാൽ ആ സിനിമയുടെ മൂഡിന് അത് വേണമായിരുന്നു. അന്ന് തീം മ്യൂസിക്കിന് ഇന്നത്തേക്കാളും പ്രാധാന്യമുണ്ട്. പ്രേക്ഷകർ അത് ശ്രദ്ധിക്കുമായിരുന്നു. മദ്രാസിലെ രഞ്ജിത്ത് ഹോട്ടലിൽവെച്ചായിരുന്നു കമ്പോസിങ്. ഔസേപ്പച്ചൻ്റെ മെലഡിയാണ് എനിക്കാവശ്യം എന്ന് ആദ്യമേ പറഞ്ഞു. സിനിമയുടെ ടൈറ്റിൽ തുടക്കത്തിൽതന്നെ ഉറപ്പിച്ചതാണ്.
ഔസേപ്പച്ചൻ ഹാർമോണിയത്തിലൂടെ വിരലുകളോടിച്ചുകൊണ്ട് ഈണം മുളി. ഉടനെ ബിച്ചു പേനയെടുത്ത് എഴുതി, ‘ഉണ്ണികളേ ഒരു കഥ പറയാം’. ആശ്ചര്യവും സന്തോഷവും കലർന്ന മുഖഭാവത്തോടെ ഞങ്ങൾ പരസ്‌പരം നോക്കി. അടുത്ത വരിയുടെ ഈണവും പാടി. ബിച്ചു എഴുതി, ‘ഒരു പുല്ലാങ്കുഴലിൻ കഥ പറയാം’… കേട്ടയുടനെ ഞാൻ കൈയടിച്ചുപോയി. കാരണം എന്റെ സിനിമയുടെ തീമാണ് ആ പാട്ടിലുള്ളത്,’കമൽ പറയുന്നു.
Content Highlight: Kamal About Ouseppachan And Unnikale Oru Kadha Parayam