കാലങ്ങളായി മലയാള സിനിമയിൽ വ്യത്യസ്ത സിനിമകൾ ചെയ്യുന്ന സംവിധായകനാണ് കമൽ. നാല് പതിറ്റാണ്ടോളമായി അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങളെപ്പോലെ തന്നെ ഇന്ന് മലയാളത്തിലെ യുവ താരങ്ങളെ വെച്ചും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്.
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആമി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഒരിടവേളക്ക് ശേഷം കമലും മഞ്ജുവും ഒന്നിച്ച സിനിമയായിരുന്നു. ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത് തുടങ്ങിയ സിനിമകളിലെല്ലാം ഇരുവരും ഒന്നിച്ചിട്ടുണ്ട്.
ആമിയിലേക്ക് ആദ്യം പരിഗണിച്ചത് നടി വിദ്യ ബാലനെയായിരുന്നുവെന്നും എന്നാൽ ചില രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം വിദ്യ ബാലൻ സിനിമയിൽ നിന്ന് പിന്മാറിയെന്നും കമൽ പറയുന്നു. ശേഷം മടിയോടെയാണ് താൻ മഞ്ജുവിനെ സമീപിച്ചതെന്നും താൻ മാധവിക്കുട്ടിയായാൽ നന്നാവുമോ എന്നായിരുന്നു മഞ്ജുവിന്റെ ടെൻഷനെന്നും കമൽ പറഞ്ഞു.
‘ആദ്യം വിദ്യാബാലനായിരുന്നു മാധവിക്കുട്ടിയുടെ റോൾ ചെയ്യാൻ തീരുമാനിച്ചത്. ചില രാഷ്ട്രീയപ്രശ്‌നങ്ങൾ വന്നതോടെ വിദ്യാ ബാലൻ പിന്മാറി. മഞ്ജുവിന്റെ മുഖമാണ് പിന്നാലെ എൻ്റെ മനസിൽ തെളിഞ്ഞത്. എന്നാൽ മഞ്ജുവിനോട് ഇക്കാര്യം ചോദിക്കാൻ വല്ലാത്തൊരു മടിയുണ്ടായിരുന്നു എനിക്ക്.
കാരണം മറ്റൊരു നടി പിന്മാറിയ കഥാപാത്രമാണ് എന്നതുതന്നെ. അങ്ങനെ ചെറിയൊരു മടിയോടെ ഞാൻ വിളിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ചശേഷം, മഞ്ജു, ആമിയിലെ നായിക മാറി എന്ന് ഞാൻ പറഞ്ഞു. പത്രങ്ങൾ വഴി അറിഞ്ഞു. ആരാണ് പുതിയ നായിക? മഞ്ജുവിന്റെ ചോദ്യം ഉടനെത്തി. അത് പറയാനാണ് വിളിച്ചത്, മഞ്ജുവിനെയാണ് നായികയായി കണ്ടിട്ടുള്ളത്.
ഞാൻ പറഞ്ഞപ്പോൾ മഞ്ജുവിന്റെ പ്രതികരണം ഉടനെത്തി. അയ്യോ, ഞാനോ? എൻ്റെ രൂപമൊക്കെ മാധവിക്കുട്ടിക്ക് പറ്റുമോ?” ആശങ്ക വാക്കുകളിൽ തെളിഞ്ഞു. മഞ്ജുവിൻ്റെ അഭിനയത്തിൽ ആശങ്കയില്ലെന്നും രൂപം നമുക്ക് മേക്കപ്പ് ചെയ്തെടുക്കാം എന്നും ഞാൻ ഉറപ്പുപറഞ്ഞതോടെ മഞ്ജു സമ്മതിച്ചു,’കമൽ പറയുന്നു.
Content Highlight: Kamal About Manju Warriors Character In Aami Movie