ഇന്ന് പലരും അഴകിയ രാവണനിലെ കോമഡികള്‍ ആസ്വദിക്കുന്നുണ്ടെന്നും എന്നാല്‍ അന്ന് ചിത്രത്തിലെ മിക്ക കോമഡികളും പലര്‍ക്കും കണക്ടായില്ലെന്നും പറയുകയാണ് കമല്‍. സ്‌ക്രിപ്റ്റ് വായിച്ച പലരും മമ്മൂട്ടി കോമഡി ചെയ്താല്‍ ശരിയാവില്ലെന്ന് അഭിപ്രായപ്പെട്ടെന്നും കമല്‍ പറഞ്ഞു. എന്നാല്‍ തനിക്കും ശ്രീനിവാസനും മാത്രമായിരുന്നു അക്കാര്യത്തില്‍ കോണ്‍ഫിഡന്‍സെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ പല ഡയലോഗിലെയും കോമഡി മമ്മൂട്ടിക്ക് മനസിലായില്ലെന്നും താന്‍ വിശദീകരിച്ചുകൊടുത്തപ്പോഴാണ് മനസിലായതെന്നും കമല്‍ പറഞ്ഞു. വേദനിക്കുന്ന കോടീശ്വരന്‍ എന്ന ഡയലോഗ് കേട്ടപ്പോള്‍ ഇതിലെന്താണ് കോമഡിയെന്ന് മമ്മൂട്ടി ചോദിച്ചെന്നും താന്‍ അത് വിശദമാക്കിയപ്പോളാണ് മമ്മൂട്ടിക്ക് അത് മനസിലായതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
‘അഴകിയ രാവണന്‍ അന്ന് പലര്‍ക്കും കണക്ടാകാതെ പോയ സിനിമയായിരുന്നു. ഹ്യൂമറിനൊപ്പം നല്ലൊരു തീമും ആ സിനിമയില്‍ ഞാനും ശ്രീനിയും പറഞ്ഞിരുന്നു. പക്ഷേ അന്ന് അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇന്ന് പലരും ആ സിനിമ നല്ലതാണെന്ന് പറയുന്നുണ്ട്. അതിലെ കോമഡി സീനിനൊക്കെ ഇന്നും ആരാധകരുണ്ട്. സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ട പലര്‍ക്കും അതിലെ കോമഡി വര്‍ക്കായില്ലായിരുന്നു.
മമ്മൂക്കയെ നായകനാക്കാന്‍ നോക്കിയപ്പോള്‍ പലരും പറഞ്ഞത്, ‘മമ്മൂക്കക്ക് കോമഡി വഴങ്ങില്ല’ എന്നായിരുന്നു. എനിക്കും ശ്രീനിക്കും മാത്രമേ മമ്മൂക്കയില്‍ വിശ്വാസമുണ്ടായിരുന്നുള്ളൂ. അതിലെ പല ഡയലോഗിലെയും കോമഡി മമ്മൂക്കക്ക് പോലും മനസിലായില്ലായിരുന്നു. ‘ഞാനൊരു വേദനിക്കുന്ന കോടീശ്വരനാണ് കുട്ടീ’ എന്ന ഡയലോഗ് വായിച്ചിട്ട് ‘ഇതെന്താ ഈ വേദനിക്കുന്ന കോടീശ്വരന്‍’ എന്നാണ് മമ്മൂക്ക ചോദിച്ചത്. പുള്ളിക്ക് ആ ഡയലോഗിലെ കോമഡി കണക്ടായില്ലായിരുന്നു. പിന്നെ ഞാന്‍ മമ്മൂക്കക്ക് വിശദമായി ആ ഡയലോഗിനെപ്പറ്റി പറഞ്ഞുകൊടുത്തു,’ കമല്‍ പറഞ്ഞു.
Content Highlight: Kamal about Mammootty’s dialogue in Azhakiya Raavanan movie