എന്റെ നായകന്‍ വരിക്കാശ്ശേരി മനയിലെ വേലക്കാരനാകുന്നത് വെറുതെയല്ല, ആ തിരിച്ചറിവുകൊണ്ട് തന്നെയാണ്: കമല്‍
ഒരു കാലത്ത് മലയാള സിനിമ അരാഷ്ട്രീയമായി ചിന്തിക്കുന്ന ഒരുകൂട്ടം ആളുകളുടെ കയ്യിലായിരുന്നെന്നും ബാബരി മസ്ജിദൊക്കെ തകര്‍ക്കപ്പെട്ട കാലം കൂടിയായിരുന്നു അതെന്നും സംവിധായകന്‍ കമല്‍.
വരാന്‍ പോകുന്ന ഭാവിയെ കുറിച്ചോ ഭവിഷ്യത്തിനെ കുറിച്ചോ ഒന്നുമുള്ള ധാരണ അന്ന് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെയാണ് സവര്‍ണ മേല്‍ക്കോയ്മയും ഫ്യൂഡല്‍ മാടമ്പിമാരുടേയും കഥ പറയുന്ന സിനിമകളും കഥകളും ഉണ്ടായതെന്നും കമല്‍ പറയുന്നു.
അത്തരം സിനിമകളില്‍ നിന്ന് എല്ലാ കാലത്തും താന്‍ അകലം പാലിച്ചിട്ടുണ്ടെന്നും അതുകൊണ്ട് കൂടിയാണ് വരിക്കാശ്ശേരി മനയില്‍ വെച്ച് താന്‍ ഷൂട്ട് ചെയ്ത രാപ്പകല്‍ എന്ന ചിത്രത്തിലെ നായകന്‍ വേലക്കാരന്‍ മാത്രമാകുന്നതെന്നും കമല്‍ പറഞ്ഞു. മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ബാബരി മസ്ജിദുമായോ രാമക്ഷേത്ര നിര്‍മാണവുമായോ ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ ഒരു കമന്റും പറയുന്നില്ല. പക്ഷേ ബാബരി മസ്ജിദ് തകര്‍പ്പെട്ട കാലഘട്ടത്തില്‍ മലായാള സിനിമ തീരെ അരാഷ്ട്രീയമായി ചിന്തിക്കുന്ന ആളുകളുടെ കയ്യിലായിരുന്നു.
വരാന്‍ പോകുന്ന ഭാവിയെ കുറിച്ചോ ഭവിഷ്യത്തിനെ കുറിച്ചോ ഉള്ള ധാരണയൊന്നും അന്ന് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ഉണ്ടായിരുന്നില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അതുകൊണ്ട് തന്നെയാണ് ഈ സവര്‍ണ മേല്‍ക്കോയ്മ ഉള്ള കഥാപാത്രങ്ങളും കഥകളും സിനിമയില്‍ ഉണ്ടായത്. ഇത് ആരും ഒളിച്ചുകടത്തിയതാണെന്നും മനപൂര്‍വം ചെയ്യുന്നതാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അവരൊക്കെ സിനിമയിലുള്ള എന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. അവര്‍ ആരും അങ്ങനെയുള്ള ചിന്താഗതിക്കാരല്ല.
ഒരു തരം അരാഷ്ട്രീയതയായിരുന്നു. അതുകൊണ്ടാണ് അങ്ങനത്തെ സിനിമകള്‍ വന്നത്. അത്തരം സിനിമകളില്‍ നിന്ന് അകലം പാലിക്കുക എന്നതായിരുന്നു ഞാന്‍ ചെയ്തത്. ടി.എ റസാഖും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു.
ഞങ്ങള്‍ ആശങ്കയോടെ പറയുന്ന കാര്യമായിരുന്നു ഇത്. അത്തരമൊരു സിനിമയിലേക്ക് നമ്മള്‍ പോകരുത് എന്ന് പറയുമായിരുന്നു. ഈ ഫ്യൂഡല്‍ തമ്പുരാക്കന്‍മാരുടെ കഥ, സവര്‍ണ ബിംബങ്ങളെ സ്‌ക്രീനില്‍ കാണിക്കുന്ന കഥകളിലേക്ക് പോകരുത് എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു.
നമ്മുടെ സുഹൃത്തുക്കള്‍ അത്തരം സിനിമകളിലേക്ക് പോകുമ്പോള്‍ ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ അതിനെ വിമര്‍ശിക്കുമെന്നല്ലാതെ പരസ്യമായി പറഞ്ഞിട്ടില്ല. ഭാവിയില്‍ ഇത് ഇത്രയും പ്രത്യാഘാതമുണ്ടാക്കുമെന്ന് അന്ന് അറിയില്ലായിരുന്നു. പക്ഷേ വിദൂരഭാവിയില്‍ ഇത് ദോഷം ചെയ്യുമെന്ന തോന്നല്‍ അന്നേ ഉണ്ടായിരുന്നു എന്നത് സത്യമാണ്. അതുകൊണ്ടാണ് അതില്‍ നിന്നൊക്കെ അകലം പാലിച്ചത്.
അതുകൊണ്ട് തന്നെയാണ് വരിക്കാശ്ശേരി മനയില്‍ ഞാന്‍ ഷൂട്ട് ചെയ്ത രാപ്പകല്‍ എന്ന ചിത്രത്തിലെ നായകനായ കൃഷ്ണന്‍ വേലക്കാരനാകുന്നത്. റസാഖാണ് അതിന്റെ തിരക്കഥ ഒരുക്കിയത്. അങ്ങനെ ഒരു ചിന്ത തന്നെ വന്നത് അതുകൊണ്ടാണ്,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal About Politics of 90’s Malayalam Cinema