Film News
ആ ചിത്രത്തിലേക്ക് മോഹൻലാലിനെ ഉദ്ദേശിച്ചിരുന്നു; ഡേറ്റിന്റെ പ്രശ്നമുള്ളതുകൊണ്ട് അതിലേക്ക് എത്തിയില്ല: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 29, 03:22 pm
Friday, 29th March 2024, 8:52 pm

മലയാളത്തിലെ എവർഗ്രീൻ സംവിധായകരിൽ ഒരാളാണ് കമൽ. മിഴിനീർ പൂവുകൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമൽ വ്യത്യസ്തമായ ഒരുപാട് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിൽ കമൽ ഒരുക്കി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ചിത്രമായിരുന്നു കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത്.

ചിത്രത്തിന്റെ കഥ രഞ്ജിത്തിന്റേതാണെന്നും എന്നാൽ അത് വേറൊരു പ്രൊജക്റ്റ് ആയി ചെയ്യാൻ കരുതിയതാണെന്നും കമൽ പറഞ്ഞു. അതൊരു മിലിറ്ററി ബാക്ഗ്രൗണ്ടിലായിരുന്നു ആദ്യം ചെയ്യാൻ ഉദ്ദേശിച്ചതെന്നും കമൽ കൂട്ടിച്ചേർത്തു. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നീണ്ടു പോയെന്നും കമൽ കൂട്ടിച്ചേർത്തു. അതിന് വേണ്ട ആക്ടറിനെ കിട്ടിയില്ലെന്നും മോഹൻലാലിനെ ഉദ്ദേശിച്ചിരുന്നെന്നും കമൽ കൗമുദി മൂവിസിനോട് പറഞ്ഞു.

‘എനിക്ക് ഒരുപാട് ഓർമകൾ ഉള്ള, നല്ല പാട്ടുകളുള്ള, അതിലുപരി അതിമനോഹരമായ വിഷ്വൽസും, എന്റെ കരിയറിൽ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത്. അതിന്റെ കഥ രഞ്ജിത്തിന്റേതാണ്. രഞ്ജിത്തിന്റെ കഥ എന്ന് പറയുമ്പോൾ അത് ഞങ്ങൾ വേറെ പ്രോജക്ട് ആയിട്ട് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് ആയിരുന്നു.

രഞ്ജിത്ത് കഥ എഴുതാൻ ഇരുന്ന സബ്ജക്ട് ആയിരുന്നു അത്. അത് കെ.ടി.സിക്ക് വേണ്ടിയായിരുന്നു. അതൊരു മിലിറ്ററി ബാക്ഗ്രൗണ്ടിലായിരുന്നു ആദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ഒരു മിലിറ്ററി ഓഫീസറെ ഒരു പെൺകുട്ടിയെ അവിടെ വെച്ച് കാണുന്നു. പെൺകുട്ടിയുടെ ബാക്ഗ്രൗണ്ടിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ഇയാളെ ആ കുട്ടി അക്സെപ്റ്റ് ചെയ്യുന്നില്ല. അങ്ങനെ പോകുന്ന ഒരു മിലിറ്ററി ബാക്ഗ്രൗണ്ടിലുള്ള കഥയായിരുന്നു രഞ്ജിത്ത് എന്നോട് പറഞ്ഞിരുന്നത്.

ഞങ്ങളതിന് വർക്ക് ചെയ്തപ്പോൾ പല കാരണങ്ങൾ കൊണ്ടത് നീണ്ടുപോയി. പ്രോപ്പർ ആയിട്ട് ആക്ടറിലേക്ക് എത്താൻ പറ്റിയില്ല. മോഹൻലാലിനെ ഉദ്ദേശിച്ചിരുന്നു. ലാലിന്റെ ഡേറ്റിന്റെ പ്രശ്നമുള്ളതുകൊണ്ട് അതിലേക്ക് എത്തിയില്ല. അതിനിടയിൽ രഞ്ജിത്ത് വേറെ സിനിമ എഴുതാൻ ആയിട്ട് പോയി. ആറാം തമ്പുരാൻ എന്ന് പറഞ്ഞ് ഏറ്റവും പ്രധാനപ്പെട്ട സിനിമ, അതിന്റെ കഥയുടെ ഡിസ്കഷൻ രഞ്ജിത്ത് പോയി കഴിഞ്ഞപ്പോൾ ഫ്രീ ആയില്ല. ആ പ്രോജക്ട് നടക്കാതെ പോയി,’ കമൽ പറഞ്ഞു.

Content Highlight: Kamal about krishnakudiye pranayakalath