| Saturday, 28th December 2024, 8:57 pm

ആ നടിയില്ലായിരുന്നുവെങ്കിൽ ജയറാമിന്റെ ആ സിനിമ സംഭവിക്കില്ലായിരുന്നു: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായിരുന്നു കെ.പി.എ.സി ലളിത. നാടകവേദിയിൽ നിന്ന് സിനിമയിലേക്കെത്തിയ കെ.പി.എ.സി ലളിത സ്വാഭാവിക അഭിനയത്തിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ഭരതൻ, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവരുടെ സിനിമകളിൽ സ്ഥിര സാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത. കെ.പി.എസി ലളിതയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ കമൽ.

തന്റെ ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് കെ.പി.എസി ലളിതയെന്നും പെരുവണ്ണപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലെ മാധവിയമ്മയെന്ന കഥാപാത്രം കെ.പി.എ.സി ലളിതക്ക് മാത്രമേ ചെയ്യാൻ കഴിയുള്ളൂവെന്നും കമൽ പറയുന്നു.

കെ.പി.എ.സി ലളിത ഇല്ലായിരുന്നുവെങ്കിൽ തന്റെ നടൻ എന്ന സിനിമ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി.വിയിലെ ഓർമയിലെന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലളിത ചേച്ചിക്ക് മാത്രം പറ്റുന്ന എന്റെ ഒരുപാട് കഥാപാത്രങ്ങളുണ്ട്. അവയിൽ പലതും ലളിത ചേച്ചിക്ക് വേണ്ടി മാത്രം എഴുതിയവയായിരുന്നു. അതിൽ എടുത്ത് പറയേണ്ട ഒരു കഥാപാത്രമാണ് പെരുവണ്ണപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലെ മാധവിയമ്മ എന്ന കഥാപാത്രം.


ഞങ്ങൾ കഥ ആലോചിക്കുന്ന സമയത്ത് തന്നെ ആ കഥാപാത്രം ചെയ്യാൻ ലളിത ചേച്ചിയെ തന്നെയായിരുന്നു തീരുമാനിച്ചത്. കാരണം ചില കഥാപാത്രങ്ങൾക്ക് പകരം വെക്കാൻ ആളില്ല. നമുക്കെല്ലാവർക്കും അതറിയാം.

പക്ഷെ എന്റെ നടൻ എന്ന ഒരു സിനിമയുണ്ട്. ജയറാമാണ് അതിൽ നായകൻ. അതിൽ ചേച്ചിയുടെ ഒരു നാടകക്കാരിയുടെ കഥാപാത്രമുണ്ട്. സിനിമയിൽ മുഴുനീളമുള്ള വേഷമാണ്. ചേച്ചിയുടെ ഒരു നല്ല കഥാപാത്രമാണത്. രാധാമണി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്.

ചേച്ചി ഇല്ലെങ്കിൽ ആ സിനിമ ചെയ്യാൻ പറ്റില്ലെന്ന ഒരു തോന്നൽ എനിക്കുണ്ടായിരുന്നു. ചേച്ചിക്ക് നാടകവുമായി അത്രയും ബന്ധമുണ്ട്. ആ രീതിയിൽ ഞാൻ ചേച്ചിയോട് കഥ പറഞ്ഞപ്പോൾ തന്നെ ചേച്ചിക്ക് വലിയ സന്തോഷമായി. ഇതെനിക്ക് വലിയ സന്തോഷം തരുന്ന ഒരു കഥാപാത്രമാണെന്നാണ് അന്ന് ചേച്ചി പറഞ്ഞത്,’കമൽ പറയുന്നു.

Content Highlight: Kamal About Kpac Lalitha And Nadan Movie

We use cookies to give you the best possible experience. Learn more