| Sunday, 6th October 2024, 8:43 pm

ആ സിനിമയിലേക്ക് ഞാന്‍ സെലക്ട് ചെയ്യാത്ത വിഷമത്തില്‍ ഒരുപാട് കരഞ്ഞെന്ന് ജയസൂര്യ എന്നോട് പറഞ്ഞു: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1986ല്‍ റിലീസായ മിഴിനീര്‍പൂവുകള്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് കമല്‍. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച സിനിമകള്‍ കമല്‍ സമ്മാനിച്ചിട്ടുണ്ട്. ഉണ്ണികളെ ഒരു കഥ പറായം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍ തുടങ്ങി 50ലധികം ചിത്രങ്ങള്‍ കമല്‍ ഒരുക്കിയിട്ടുണ്ട്. 38 വര്‍ഷത്തെ കരിയറില്‍ രണ്ട് സംസ്ഥാന അവാര്‍ഡും കമല്‍ സ്വന്തമാക്കി. രഞ്ജിത്തിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1991ല്‍ റിലീസായ ചിത്രമായിരുന്നു പൂക്കാലം വരവായി.

ജയറാം നായകനായ ചിത്രത്തില്‍ ബേബി ശ്യാമിലിയും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കമല്‍. ചിത്രത്തിലെ പ്രധാനകഥാപാത്രമായ കുട്ടിയെ ആര് അവതരിപ്പിക്കുമെന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസില്‍ വന്ന മുഖം ശ്യാമിലിയുടേതായിരുന്നെന്ന് കമല്‍ പറഞ്ഞു. ഓഡിഷന് വേണ്ടി വന്നപ്പോള്‍ തന്നെ ശ്യാമിലിയെ ഉറപ്പിച്ചെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. പില്‍ക്കാലത്ത് സിനിമയില്‍ വലിയ നിലയിലെത്തിയ ആര്‍ട്ടിസ്റ്റുകളുടെ ആദ്യ ചിത്രം പൂക്കാലം വരവായി ആയിരുന്നുവെന്നും കമല്‍ പറഞ്ഞു.

കാവ്യാ മാധവന്‍ ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു അതെന്നും ആ ചിത്രത്തിന്റെ ഓഡിഷന് ദിവ്യാ ഉണ്ണിയും ജയസൂര്യയും ഉണ്ടായിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. അന്ന് ജയസൂര്യയെ താന്‍ റിജക്ട് ചെയ്തിരുന്നുവെന്നും അന്ന് രാത്രി ഒരുപാട് കരഞ്ഞുവെന്നും ജയസൂര്യ തന്നോട് പറഞ്ഞിരുന്നുവെന്നും കമല്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം തനിക്ക് ഓര്‍മയില്ലായിരുന്നുവെന്നും സ്വപ്‌നക്കൂടിന്റെ സെറ്റില്‍ വെച്ചാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി ടി.വിയോട് സംസാരിക്കുകയായിരുന്നു കമല്‍.

‘പൂക്കാലം വരവായി എന്ന സിനിമ എന്നെ സംബന്ധിച്ച് വളരെയധികം സ്‌പെഷ്യലാണ്. എനിക്ക് ആദ്യമായി സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ വര്‍ഷമാണ് ആ സിനിമ റിലീസായത്. ആ പടത്തിന്റ ഫസ്റ്റ് ഹാഫ് മുഴുവന്‍ കുട്ടികളാണ് മെയിന്‍. അതിന് വേണ്ടി ഒരുപാട് കുട്ടികളെ വെച്ച് ഓഡിഷന്‍ നടത്തി. അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബേബി ശ്യാമിലിയായിരുന്നു. ആ ക്യാരക്ടറിനെപ്പറ്റി ആലോചിച്ചപ്പോള്‍ ആദ്യം മനസില്‍ വന്നത് ശ്യാമിലിയുടെ മുഖമായിരുന്നു. ഓഡിഷന് ശ്യാമിലിയെ കണ്ടപ്പോള്‍ തന്നെ ആ ക്യാരക്ടര്‍ ഓക്കെയായി.

ഇന്ന് മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന പല ആര്‍ട്ടിസ്റ്റുകളും അന്ന് ആ സിനിമയുടെ ഓഡിഷന് വന്നിരുന്നു. കാവ്യ മാധവനാണ് അതില്‍ മെയിന്‍. കാവ്യ ആദ്യമായി ക്യാമറക്ക് മുന്നില്‍ എത്തിയ സിനിമയാണ് പൂക്കാലം വരവായി. അതുപോലെ ദിവ്യാ ഉണ്ണിയും ജയസൂര്യയും ഓഡിഷന് വന്നിരുന്നു. പക്ഷേ ജയസൂര്യയെ ഞാന്‍ സെലക്ട് ചെയ്തില്ല. അന്ന് രാത്രി ഒരുപാട് കരഞ്ഞിരുന്നുവെന്ന് ജയസൂര്യ പിന്നീട് എന്നെ കണ്ടപ്പോള്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇക്കാര്യം അറിഞ്ഞത് സ്വപ്‌നക്കൂടിന്റെ സെറ്റില്‍ വെച്ചാണ്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal about Jayasurya and Pookkalam Varavayi movie

We use cookies to give you the best possible experience. Learn more