| Sunday, 3rd November 2024, 9:00 am

ഫസ്റ്റ് ഡേ നല്ല കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം പരാജയപ്പെട്ടത് ആ കഥാപാത്രം കാരണം: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കമൽ. ഉണ്ണികളേ ഒരു കഥ പറയാം, മഴയെത്തും മുമ്പേ, നിറം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള മികച്ച സിനിമകൾ ഒരുക്കിയ കമൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മോഹൻലാൽ നായകനായ മിഴിനീർപൂവുകളായിരുന്നു.

മോഹൻലാൽ നെഗറ്റീവ് കഥാപാത്രമായി എത്തിയ സിനിമയായിരുന്നു മിഴിനീർപൂവുകൾ. ചിത്രം റിലീസായ ദിവസം നല്ല ആളുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് മോഹൻലാലിൻറെ കഥാപാത്രം അത്തരത്തിലായതിനാൽ വേണ്ട രീതിയിൽ ഓടിയില്ലെന്നും കമൽ പറയുന്നു. ആദ്യ ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടാനും ചിത്രത്തിന് സാധിച്ചിരുന്നുവെന്നും കമൽ പറഞ്ഞു.

‘ഞങ്ങൾ തിയേറ്ററിൽ എത്തുമ്പോഴേക്കും ടൈറ്റിൽസ് തുടങ്ങി കഴിഞ്ഞു. ഞാൻ ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ എന്റെ പേര് സ്‌ക്രീനിൽ വരുന്നതാണ് ഞാൻ കണ്ടത്. അത് വലിയൊരു സന്തോഷം ഉണ്ടാവുന്ന കാര്യമാണ്.

അങ്ങനെ ഫുൾ ക്രൗഡിന്റെ കൂടെയിരുന്ന് സിനിമ കണ്ടു. ആളുകൾ ഭയങ്കര ബഹളം ഒക്കെയായിരുന്നു. ആദ്യത്തെ ഒരു രണ്ട് മൂന്ന് ദിവസം നല്ല കളക്ഷനൊക്കെ ആയിരുന്നു. മോഹൻലാൽ നെഗറ്റീവ് കഥാപാത്രം ചെയ്തത് കൊണ്ടായിരിക്കും ആ ചിത്രം നമ്മൾ വിചാരിച്ച അത്ര ഹിറ്റായില്ല. പക്ഷെ എങ്കിൽ പോലും നിർമാതാക്കളും വിതരണക്കാരുമെല്ലാം ഹാപ്പി ആയിരുന്നു.

എന്നെ സംബന്ധിച്ച്, ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് നല്ല പേര് കിട്ടിയ സിനിമയായിരുന്നു അത്. ഒരു തുടക്കകാരൻ എന്ന രീതിയിൽ ഒരു സംവിധായകന്റെ സ്കിൽ ആ ചിത്രത്തിലുണ്ടെന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. ആദ്യത്തെ ഷോട്ട് ഞാൻ മോഹൻലാലിന്റെ മുഖത്ത് ക്യാമറ വെച്ച് എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അത് വലിയൊരു അനുഭവമാണ്.

കാരണം പിന്നീട് ഞാനും ലാലും കൂടെ ഒരുപാട് സിനിമകൾ ചെയ്തു. ലാലിനെ പോലെ ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരിൽ ഒരാളെ വെച്ച് ആദ്യത്തെ സിനിമ ചെയ്യാൻ കഴിഞ്ഞു എന്നത് ഒരു മഹാഭാഗ്യമാണ്,’കമൽ പറയുന്നു.

Content Highlight: Kamal About His First Movie With Mohanlal

Latest Stories

We use cookies to give you the best possible experience. Learn more