മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ കമല്‍ 40ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. താന്‍ സംവിധാനം ചെയ്ത സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകള്‍ ഏതൊക്കെയാണെന്ന് കമല്‍ വെളിപ്പെടുത്തി.
സൈന സൗത്ത് പ്ലസ്സിന് നല്കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. സംവിധാനം ചെയ്ത 48 സിനിമകളില്‍ ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമ ഏതെന്ന് ചോദിച്ചാല്‍ ഏത് സിനിമയായിരിക്കും പറയുക എന്ന ചോദ്യത്തിന് കമലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘അങ്ങനെ ഒരെണ്ണം മാത്രം എടുത്തുപറയാന്‍ ബുദ്ധിമുട്ടാണ്. ഒന്നുരണ്ടു സിനിമകള്‍ ഞാന്‍ എപ്പോഴും പറയാറുണ്ട്. മധുരനൊമ്പരക്കാറ്റ് എനിക്കിഷ്ടമുള്ള സിനിമയാണ്. അതുപോലെ ഗസല്‍, പിന്നെ സെല്ലുല്ലോയ്ഡ്. അതെനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. ആ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന ഒരു സിനിമയാണ്. അതുവരെ ജെ.സി. ഡാനിയേലിനെക്കുറിച്ച് അധികം ആളുകള്‍ക്ക് അറിയില്ലായിരുന്നു. ജെ.സി. ഡാനിയേല്‍ അവാര്‍ഡ് എന്നൊക്കെ പലരും കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ആരാണെന്നോ അദ്ദേഹത്തിന്റെ പ്രസക്തി എന്താണെന്നോ അറിവില്ലായിരുന്നു. മലയാളത്തിലെ ആദ്യ സിനിമ ഉണ്ടാക്കിയൊരാള് എന്നതിനപ്പുറത്തേക്ക് പലര്‍ക്കും അദ്ദേഹത്തെ അറിയില്ല.
ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലും പുരാണസിനിമകള്‍ മാത്രം ചെയ്ത സമയത്ത് മലയാളത്തില്‍ ഒരു വിപ്ലവം നടത്തിയത് ഡാനിയേല്‍ ആയിരുന്നു. ഒരു ദളിത് യുവതിയെ നായികയാക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യം അന്നത്തെ കാലത്ത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത ഒന്നാണ്. അതുപോലെ ഒരു സിനിമ ചെയ്തതിന്റെ പേരില്‍ ഒരാള്‍ മൊത്തമായും നാശത്തിലേക്ക് പോയതിന്റെ കഥ കൂടിയാണത്. അതൊക്കെ കൊണ്ടാണ് സെല്ലുല്ലോയ്ഡ് എന്റെ ഇഷ്ടചിത്രങ്ങളില്‍ ഒന്നായത്,’ കമല്‍ പറഞ്ഞു.
Content Highlight: Kamal about his favorite movies