|

ഈഗോ കണ്ടുപിടിച്ച ആ രണ്ട് പേരെയും ഒന്നിച്ച് ഒരു സിനിമയില്‍ ആദ്യമായി വര്‍ക്ക് ചെയ്യിപ്പിച്ചത് ഞാനായിരുന്നു: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി കരിയര്‍ ആരംഭിച്ച സംവിധായകനാണ് കമല്‍. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. തന്റെ സിനിമകളില്‍ പാട്ടുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്ന സംവിധായകരില്‍ ഒരാളാണ് കമല്‍.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളിലൊരാളായ ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കമല്‍. തന്റെ സിനിമകളില്‍ ആദ്യകാലം മുതല്‍ പാട്ടുകളെഴുതിയിരുന്നത് കൈതപ്രമായിരുന്നെന്ന് കമല്‍ പറഞ്ഞു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ സമയത്താണ് താന്‍ ഗിരീഷ് പുത്തഞ്ചേരിയെ പരിചയപ്പെട്ടതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഈ പുഴയും കടന്ന് എന്ന സിനിമയിലാണ് ഗിരീഷും താനും ആദ്യമായി ഒന്നിച്ചതെന്നും ആ സിനിമയിലെ അഞ്ച് പാട്ടുകളും വലിയ ഹിറ്റായെന്നും കമല്‍ പറഞ്ഞു. ആ ചിത്രത്തിന് ശേഷം കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലും ഗിരീഷ് പുത്തഞ്ചേരിയായിരുന്നു പാട്ടുകള്‍ എഴുതിയതെന്നും അതും ഹിറ്റായെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയുമായപ്പോള്‍ കൈതപ്രത്തിന് തന്നോട് ചെറിയ പിണക്കമായെന്നും കമല്‍ പറഞ്ഞു.

അടുത്ത ചിത്രമായ കൈക്കുടന്ന നിലാവില്‍ രഞ്ജിത്തായിരുന്നു സ്‌ക്രിപ്‌റ്റെന്നും അതില്‍ ആര് പാട്ടെഴുതുമെന്ന ചോദ്യം വന്നെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൈതപ്രത്തെക്കൊണ്ട് സംഗീതവും ഗിരീഷ് പുത്തഞ്ചേരിയെക്കൊണ്ട് പാട്ടും എഴുതിക്കാമെന്ന് താന്‍ നിര്‍ദേശിച്ചെന്നും രഞ്ജിത് അതുകേട്ട് ചിരിച്ചെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് പേര്‍ക്കും ഈഗോ ഒരുപാട് ഉണ്ടായിരുന്നെന്നും വലിയൊരു റിസ്‌കായിരുന്നു താന്‍ എടുത്തതെന്നും കമല്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു കമല്‍.

‘ആദ്യകാലത്ത് എന്റെ എല്ലാ സിനിമകളിലും പാട്ടെഴുതിയിരുന്നത് കൈതപ്രമായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന പടത്തിന്റെ സമയത്താണ് ഞാന്‍ ഗിരീഷിനെ ആദ്യമായി കണ്ടത്. പിന്നീട് ഈ പുഴയും കടന്ന് എന്ന പടത്തിലാണ് ഞാനും ഗിരീഷും ആദ്യമായി ഒന്നിച്ചത്. ആ പടത്തില്‍ അഞ്ച് പാട്ടുകളുണ്ടായിരുന്നു. അഞ്ചും വലിയ ഹിറ്റായി മാറി.

അത് കഴിഞ്ഞ് ഇമ്മീഡിയറ്റായി ചെയ്ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലും ഗിരീഷ് തന്നെയായിരുന്നു പാട്ടെഴുതിയത്. അടുപ്പിച്ച് രണ്ട് പടം ഗിരീഷിന്റെ കൂടെ ചെയ്തപ്പോള്‍ കൈതപ്രത്തിന് എന്നോട് പിണക്കമായി. ‘താന്‍ ഇപ്പോള്‍ ഗിരീഷിന്റെ കൂടെ മാത്രമല്ലേ വര്‍ക്ക് ചെയ്യൂ’ എന്ന ലൈനായിരുന്നു കൈതപ്രത്തിന്. പിന്നീട് ഞാന്‍ ചെയ്ത പടമായിരുന്നു കൈക്കുടന്ന നിലാവ്.

രഞ്ജിത്തായിരുന്നു അതിന്റെ സ്‌ക്രിപ്റ്റ്. ആ പടത്തില്‍ കൈതപ്രത്തിനെക്കൊണ്ട് മ്യൂസിക്കും ഗിരീഷിനെക്കൊണ്ട് പാട്ടെഴുത്തും ചെയ്യിച്ചാലോ എന്ന് രഞ്ജിയോട് ചോദിച്ചു. അത് കേട്ടതും രഞ്ജിത് ചിരിച്ചു. ഈഗോ കണ്ട് പിടിച്ച ആളുകളായിരുന്നു രണ്ടുപേരും. അവരെ ഒരുമിച്ച് ഒരു സിനിമയില്‍ കൊണ്ടുവരിക എന്ന് പറഞ്ഞാല്‍ അത് വലിയൊരു ടാസ്‌കായിരുന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Kamal about Gireesh Puthanchery and Kaithapram Damodaran Namboothiri