മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു.
ഷൈൻ ടോം ചാക്കോയെ നായകനായി ഒരുക്കിയ വിവേകാന്ദൻ വൈറലാണ് എന്ന സിനിമയാണ് കമൽ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. കൊവിഡ് വന്നതോടെ എന്തുചെയ്യണമെന്നറിയാതെ ആകെ ബ്ലാങ്കായി നിൽക്കുകയായിരുന്നു താനെന്നും ആ സമയത്ത് ഒരു സിനിമ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നുവെന്നും കമൽ പറയുന്നു.
ആ സിനിമയില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ നായകനാകേണ്ടതായിരുന്നുവെന്നും കുറെനാൾ അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരുന്നുവെന്നും കമൽ പറയുന്നു. എന്നാൽ അതിനിടയിൽ വിവേകാന്ദൻ വൈറലാണ് എന്ന സിനിമ സംഭവിച്ചെന്നും കമൽ കൂട്ടിച്ചേർത്തു.
‘കൊവിഡ് വന്നതോടെ സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടി. പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്നു. സിനിമയുടെ സാങ്കേതിക തലങ്ങള്‍ തന്നെ മാറി, സിനിമ പുതിയ ഒരു തലത്തിലെത്തി. 2022 ഡിസംബറിലാണ് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറുന്നത്. അതിന് ശേഷം എന്തുചെയ്യണമെന്നറിയാതെ ആകെ ബ്ലാങ്കായി പോയി.
മലയാള സിനിമകളും മറ്റു ഭാഷയിലെ സിനിമകളും ഞാന്‍ ആ സമയത്ത് കാണാറുണ്ടായിരുന്നു. എന്നാല്‍ സിനിമ അതിന്റെ പുതിയ സ്വഭാവത്തിലേക്ക് മാറിയിരുന്നു. നമ്മള്‍ അതിശയിക്കുന്ന തരത്തിലായിരുന്നു മലയാള സിനിമ മാറിതുടങ്ങിയത്. ആ ഘട്ടത്തില്‍ ഇനിയെന്ത് എന്ന ചോദ്യം കുറേനാള്‍ എന്നെ അലട്ടികൊണ്ടിരുന്നു. പലതരം സിനിമകളെ പറ്റി ചിന്തിച്ചു.
എന്നാല്‍ ഒന്നും ശരിയായില്ല. ഇതിനിടയില്‍ ഒരു സ്‌ക്രിപ്‌റ്റെഴുതി. ആ സിനിമയില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ നായകനാകേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. ആ സിനിമക്കായി അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കുറേനാള്‍ കാത്തിരുന്നു. ആ സിനിമയായിരുന്നു ഞാന്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. അതിനിടയിലാണ് ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയുടെ കഥ കടന്നു വരുന്നത്,’ കമല്‍ പറഞ്ഞു.
Content Highlight: Kamal About Covid Times And A Dropped Fim