ലൊക്കേഷനിലിരുന്ന് സ്‌ക്രിപ്റ്റ് എഴുതിയിരുന്ന ഒരു കാലം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ഒരു സ്‌ക്രിപ്റ്റ് പോലുമില്ലാതെ ഷൂട്ട് തുടങ്ങി ഹിറ്റടിച്ച സിനിമകളും മലയാളത്തില്‍ ധാരാളമാണ്. ഇന്നത്തെപ്പോലെ ഒരു മുഴുവന്‍ സ്‌ക്രിപ്റ്റുമായി അഭിനേതാക്കളുടെ അടുത്തെത്തി അവരെ കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്ത് ഡേറ്റ് വാങ്ങി ഷൂട്ട് തുടങ്ങുന്ന രീതിയായിരുന്നില്ല മുന്‍പ് മലയാള സിനിമയില്‍. നസീര്‍, സത്യന്‍ കാലഘട്ടത്തിലും പിന്നീട് മോഹന്‍ലാല്‍-മമ്മൂട്ടി എന്നിവര്‍ സജീവമായ കാലഘട്ടത്തിലുമൊക്കെ സിനിമയുടെ ഒരു രീതി ഇതായിരുന്നു. വളരെ അപൂര്‍വം സിനിമകള്‍ മാത്രമായിരുന്നു മുഴുവന്‍ സ്‌ക്രിപ്റ്റും തയ്യാറാക്കിയ ശേഷം ഷൂട്ട് തുടങ്ങുന്നത്.
ഒരുവരി പോലും സ്‌ക്രിപ്റ്റ് എഴുതാതെ ഷൂട്ട് തുടങ്ങേണ്ടി വന്ന തന്റെ ഒരു സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. ശ്രീനിവാസന്‍ ആയിരുന്നു തിരക്കഥാകൃത്തെന്നും ഷൂട്ട് തുടങ്ങേണ്ട തലേദിവസം സ്‌ക്രിപ്റ്റിന്റെ കാര്യം അറിയാനായി ശ്രീനിയുടെ മുറിയിലെത്തിയ തന്നോട് എന്തായിരുന്നു നമ്മുടെ സിനിമയുടെ കഥയെന്നായിരുന്നു ശ്രീനിവാസന്‍ ചോദിച്ചതെന്ന് കമല്‍ പറയുന്നു. ആ ചോദ്യം കേട്ട് താന്‍ തകര്‍ന്നുപോയെന്നും കമല്‍ പറഞ്ഞു. ചമ്പക്കുളം തച്ചന്‍ എന്ന സിനിമയെ കുറിച്ച് കൗമുദി മൂവീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഷൂട്ടിന്റെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ തീരുമാനിച്ചു. ശ്രീനിയാണെങ്കില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ തിരക്കിലാണ്. നമ്മുടെ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞിട്ടില്ല. എനിക്ക് അതാണ് ടെന്‍ഷന്‍. ഇടയ്ക്ക് ശ്രീനിയെ വിളിക്കുമ്പോള്‍ ഞാന്‍ എഴുതുന്നുണ്ട്. കുഴപ്പമില്ല നമുക്ക് ചെയ്യാം എന്ന് പറയും.
ശ്രീനിയല്ലേ ഞാന്‍ വിശ്വസിച്ചു. കുഴപ്പമില്ലാതെ നടക്കുമെന്ന് വിചാരിച്ചു. ആ സിനിമയുടെ ഷൂട്ട് നടക്കുന്നത് തിരുവല്ലയിലാണ്. ഞാന്‍ അവിടെ ചെന്ന് ശ്രീനിവാസനെ കണ്ടപ്പോള്‍ എനിക്ക് മനസിലായി ഒരു വരി പോലും ശ്രീനി എഴുതിയിട്ടില്ലെന്ന്. മേശയുടെ മുകളില്‍ സ്‌ക്രിപ്റ്റിന്റെ പേപ്പര്‍ അട്ടിയ്ക്ക് ഇരിക്കുന്നുണ്ട്.
അത് ചമ്പക്കുളം തച്ചന്റെ സ്‌ക്രിപ്റ്റല്ല അപ്പോള്‍ ഷൂട്ട് നടക്കുന്ന വേറൊരു സിനിമയുടേതാണ്. പുള്ളി അത് തിരുത്തുകയാണ്. എഴുതുന്നുമുണ്ട്. നമ്മുടെ പടത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയിട്ടില്ല എന്ന് എനിക്ക് മനസിലായി.
മൂന്നാമത്തെ ദിവസം ഷൂട്ട് തുടങ്ങുകയാണ്. പ്രശ്‌നമാണല്ലോ എന്തുചെയ്യും എന്ന് ചോദിച്ചു. കുഴപ്പമില്ല ഞാന്‍ ഇന്ന് തുടങ്ങും. പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞു. ബാക്കി ആര്‍ടിസ്റ്റുകളൊക്കെ വരും. മദ്രാസില്‍ നിന്ന് കെ.ആര്‍ വിജയ വരും മധു സാര്‍ വരുമെന്ന് ഞാന്‍ പറഞ്ഞു.
കുഴപ്പമൊന്നുമില്ല നമ്മള്‍ തുടങ്ങുമെന്ന് പുള്ളി കോണ്‍ഫിഡന്റായി പറഞ്ഞു. അങ്ങനെ മധു സാറും കെ.ആര്‍ വിജയയും അമൃതയുമൊക്കെ (രംഭ) വന്നു. ശ്രീനിവാസന്‍ എത്തിയിട്ടില്ല. പിറ്റേന്ന് ഷൂട്ടാണ്. രാവിലെയായപ്പോള്‍ ഹോട്ടലില്‍ വിളിച്ചപ്പോള്‍ ശ്രീനി ഉറങ്ങുകയാണ്. ഉച്ചയ്ക്ക് ഉറക്കത്തില്‍ നിന്ന് ഫോണ്‍ എടുത്തു. ശബ്ദമൊക്കെ അടഞ്ഞിരിക്കുന്നു. നാളെ ഷൂട്ട് തുടങ്ങുകയാണ് ശ്രീനി, എന്തായി കാര്യം ഞാന്‍ ചോദിച്ചു.
ഞാന്‍ പുറപ്പെടുകയാണ് ഇവിടുത്തെ എന്റെ വര്‍ക്ക് കഴിഞ്ഞു രാത്രി മുഴുവന്‍ ഷൂട്ടായതുകൊണ്ട് ലേറ്റായി എന്ന് പറഞ്ഞു. സന്ധ്യയായപ്പോഴാണ് പുള്ളി ആലപ്പുഴയില്‍ എത്തുന്നത്. വന്ന ഉടനെ ശ്രീനി പറഞ്ഞു എനിക്ക് ഭയങ്കര പനിയാണ് തീരെ വയ്യ എന്ന്. എനിക്കാകെ ടെന്‍ഷനായി. പുള്ളി പോയി റൂമിലിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് എന്നെ വിളിച്ചു. നമുക്കൊന്നിരിക്കാം അല്ലേ എന്ന് ചോദിച്ചു.
പുള്ളി നന്നായി ചുമയ്ക്കുന്നുണ്ട്. വയ്യാണ്ടിരിക്കുകയാണ്. നാളെ രാവിലെ ഷൂട്ട് തുടങ്ങുകയല്ലേ. വേണമെങ്കില്‍ രണ്ട് ദിവസം മാറ്റിവെക്കാമെന്ന് ഞാന്‍ പറഞ്ഞു. മധു സാറിനോട് പറയാമെന്നും പറഞ്ഞു. എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നും എഴുതിയിട്ടില്ല എന്നായിരുന്നു മറുപടി.
അതുമാത്രമല്ല പുള്ളി എന്നോട് ചോദിക്കുകയാണ് എന്താണ് നമ്മുടെ സിനിമയുടെ കഥ എന്ന്. ഞാന്‍ പെട്ടെന്ന് ഒരു നിമിഷം സ്റ്റക്കായിപ്പോയി. നാളെ തുടങ്ങേണ്ട സിനിമയുടെ തിരക്കഥാകൃത്താണ് ശ്രീനി. ആ ശ്രീനി കഥ എന്നോട് ചോദിക്കുകയാണ്. ഞാന്‍ മുഖത്തേക്ക് തുറിച്ചുനോക്കി. ശ്രീനി കളിയാക്കുകയാണോ എന്ന മട്ടില്‍.
അമ്മയാണേല്‍ സത്യം, കളിയാക്കുകയല്ല, ഞാന്‍ മറന്നുപോയി. മൊത്തം ബ്ലാങ്കാണെന്ന് പറഞ്ഞു. പെട്ടിയില്‍ വണ്‍ ലൈന്‍ ഉണ്ടല്ലോ അത് വായിക്കൂ എന്ന് പറഞ്ഞു. വായിക്കണമെങ്കില്‍ കുറേ സമയമെടുക്കും. 60 പേജില്ലേ. തലവേദന കാരണം വായിക്കാന്‍ പറ്റുന്നില്ല, നിങ്ങള്‍ ഒന്ന് കഥ പറ എന്ന് എന്നോട് പറഞ്ഞു.
ആദ്യം മുതല്‍ ഞാന്‍ വണ്‍ ലൈന്‍ വെച്ച് മുഴുവന്‍ കഥ ശ്രീനിയോട് പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് നേരത്തെ ഡിസ്‌കസ് ചെയ്ത കഥയാണ്. അപ്പോള്‍ ഏതാണ്ട് രാത്രി ഒന്‍പത് മണിയായിട്ടുണ്ടാകും സമയം.
കുഴപ്പമില്ല അല്ലേ ഫുള്‍ കഥയുണ്ടല്ലേ എന്ന് ശ്രീനി എന്നോട് ചോദിച്ചു. കഥയുണ്ടായിട്ട് കാര്യമില്ലല്ലോ സ്‌ക്രിപ്റ്റ് വേണ്ടേ എന്നായി ഞാന്‍. കുഴപ്പമില്ല പാട്ട് റെഡിയല്ലേ പാട്ട് ഷൂട്ട് ചെയ്യൂ അപ്പോഴേക്ക് നമുക്ക് ശരിയാക്കാമെന്ന് ശ്രീനി പറഞ്ഞു.
മധു സാര്‍ വന്നിട്ടുണ്ട്. മധു സാറെ വെച്ച് പാട്ടു തുടങ്ങിയാല്‍ സാര്‍ എന്ത് പറയും. ഒരു സീനെങ്കിലും ഷൂട്ട് തുടങ്ങണം എന്ന് ഞാന്‍ പറഞ്ഞു. ചെറിയ സീനാണെങ്കില്‍ എഴുതാമെന്നായി ശ്രീനി.
അങ്ങനെ മധു സാറും കെ.ആര്‍ വിജയയും രംഭയും ഉള്ള സീന്‍ ശ്രീനി എഴുതി തന്നു. അതുവെച്ച് ഷൂട്ട് തുടങ്ങി. ആദ്യത്തെ അഞ്ചാറ് ദിവസം അഭിനയത്തില്‍ നിന്ന് ഒഴിവാക്കി തന്നാല്‍ തിരക്കഥ മുഴുവനാക്കാമെന്ന് പറഞ്ഞു. ഞാന്‍ അത് സമ്മതിച്ചു. അങ്ങനെയാണ് ഷൂട്ട് തുടങ്ങുന്നത്,’ കമല്‍ പറഞ്ഞു.
Content Highlight: Kamal about Chambakkulam Thachan Movie script and sreenivasan