Entertainment
മോഹൻലാൽ ചെയ്യേണ്ട കഥാപാത്രമല്ലേയെന്ന് നിർമാതാവ്, പക്ഷെ ഞങ്ങൾ വിളിച്ചത് മമ്മൂട്ടിയെ: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 31, 11:02 am
Friday, 31st January 2025, 4:32 pm

കാലങ്ങളായി മലയാള സിനിമയിൽ വ്യത്യസ്ത സിനിമകൾ ചെയ്യുന്ന സംവിധായകനാണ് കമൽ. നാല് പതിറ്റാണ്ടോളമായി അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങളെപ്പോലെ തന്നെ ഇന്ന് മലയാളത്തിലെ യുവ താരങ്ങളെ വെച്ചും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്.

മലയാളത്തിൽ ഏറെ ജനപ്രിയമായ ചിത്രമാണ് മമ്മൂട്ടി നായകനായ അഴകിയ രാവണൻ. ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രത്തിലെ സീനുകളും പാട്ടുകളും എല്ലാം ഇന്നു മലയാളികൾക്ക് പ്രിയങ്കരമാണ്.

ചിത്രത്തിലെ കഥ ആദ്യമായി നിർമാതാവിനോട് പറഞ്ഞപ്പോൾ ആ വേഷം മമ്മൂട്ടി ചെയ്താൽ ശരിയാവുമോ എന്നായിരുന്നു ചോദിച്ചതെന്നും മോഹൻലാൽ അല്ലേ നല്ലതെന്ന് അദ്ദേഹം ചോദിച്ചെന്നും കമൽ പറയുന്നു. മമ്മൂട്ടിയെ വിളിച്ച് കഥ പറഞ്ഞത് ശ്രീനിവാസൻ ആണെന്നും കളിയാക്കാനാണോ നിങ്ങളുടെ ഉദ്ദേശം എന്നായിരുന്നു മമ്മൂട്ടി ചോദിച്ചതെന്നും കമൽ പറയുന്നു. എന്നാൽ ഒടുവിൽ ആ കഥാപാത്രം മമ്മൂട്ടി തന്നെ ചെയ്‌തെന്നും കമൽ കൂട്ടിച്ചേർത്തു.

‘മഴയത്തും മുമ്പേ കഴിഞ്ഞതിന് ശേഷം തീരുമാനിച്ച ചിത്രമായിരുന്നു അഴകിയ രാവണൻ. ശ്രീനിവാസൻ, ഞാൻ, മമ്മൂട്ടി ഈ കോമ്പിനേഷനിലാണ് ആ സിനിമയും ആരംഭിക്കുന്നത്. ഇങ്ങനെയൊരു കഥ വന്നു കഴിഞ്ഞപ്പോൾ ആദ്യം ഞങ്ങൾ നിർമാതാവിനോട് പറഞ്ഞു. കഥ കേട്ടപ്പോൾ അദ്ദേഹം, ഇത് മമ്മൂട്ടി ചെയ്താൽ കുഴപ്പമാവില്ലേ, ചീത്ത വിളിക്കില്ലേയെന്ന് ചോദിച്ചു. ഇത് മോഹൻലാൽ ചെയ്യേണ്ട കഥാപാത്രമല്ലേയെന്ന് ചോദിച്ചു. നമുക്ക് പറഞ്ഞ് നോക്കാമെന്ന് പറഞ്ഞ് ശ്രീനിവാസൻ മമ്മൂട്ടിയെ ഫോൺ ചെയ്തു.

ഇങ്ങനെയൊരു കഥാപാത്രമാണ്. വേദനിക്കുന്ന കോടീശ്വരനാണ് കഥാപാത്രമെന്ന് ശ്രീനിവാസൻ പറഞ്ഞു. മമ്മൂട്ടി കുറച്ച് നേരം ഒന്നും മിണ്ടിയില്ല. ഞാൻ അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. ഞങ്ങൾ കരുതി, ഇനി വിളിക്കാൻ പോവുന്നില്ലായെന്ന്.

കുറച്ച് കഴിഞ്ഞ് മമ്മൂക്ക തിരിച്ച് വിളിച്ചിട്ട് ചോദിച്ചു, നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നെ കളിയാക്കാനാണോ എന്നായിരുന്നു. ഒടുവിൽ ആ കഥാപാത്രം മമ്മൂക്ക തന്നെ അവതരിപ്പിച്ചു,’കമൽ പറയുന്നു.

Content Highlight: Kamal About Azhakiya Ravanan Movie Casting