ന്യൂദല്‍ഹി: അയോധ്യക്കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ഓള്‍ ഇന്ത്യാ മുസ്‌ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി.
സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ടാണ് പകരം അഞ്ച് ഏക്കര്‍ ഇപ്പോള്‍ തരുന്നതെന്നും ഇത് എവിടുത്തെ നീതിയാണെന്നും
കമാല്‍ ഫാറൂഖി ചോദിച്ചു. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിഷയത്തില്‍ റിവ്യൂ ഹരജി നല്‍കുമെന്നും അത് തങ്ങളുടെ അവകാശമാണെന്നും സുപ്രീം കോടതി അത് അനുവദിക്കുന്നുണ്ടെന്നും അഖിലേന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം സഫറിയാബ് ജിലാനിയും പറഞ്ഞു.
അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.
എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.