| Saturday, 2nd December 2023, 7:28 pm

പ്രണവ് ഒന്നും സംസാരിച്ചിട്ടില്ല, അതെനിക്കൊരു തറവാട് പോലെ: കല്യാണി പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട നടിയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് കടന്ന് വരുന്നത്.

ശേഷം ഇറങ്ങിയ തല്ലുമാല, ഹൃദയം തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ പ്രിയദർശന്റെ മകൾ എന്നതിൽ നിന്ന് നടി കല്യാണി പ്രിയദർശനായി മാറാൻ താരത്തിന് അധിക സമയം വേണ്ടി വന്നില്ല.

ഹൃദയത്തിന് ശേഷം കല്യാണി വീണ്ടും പ്രണവ് മോഹൻലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൃദയമെന്ന സൂപ്പർ ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.

വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ് കല്യാണി. ഇത്തവണ സിനിമയുടെ ലൊക്കേഷനിൽ വച്ച് പ്രണവിനെ കണ്ടപ്പോൾ അവൻ ഒന്നും സംസാരിച്ചിട്ടില്ല എന്നാണ് കല്യാണി പറയുന്നത്.

വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷൻ തനിക്കൊരു തറവാട് പോലെയാണെന്നും ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ ഉടനെ തന്നെ ജോയിൻ ചെയ്യുമെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ കല്യാണി പറഞ്ഞു.

‘വർഷങ്ങൾക്കുശേഷം സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ആ സിനിമയുടെ ലൊക്കേഷൻ പോകുമ്പോൾ തറവാട്ടിലേക്ക് പോകുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. അവിടുത്തെ അനുഭവങ്ങൾ എപ്പോഴും ഗംഭീരമാണ്. പ്രണവ് ഒന്നും പറയുന്നില്ല. ഇപ്രാവശ്യം പ്രണവ് ഒന്നും സംസാരിച്ചിട്ടില്ല.

അടുത്ത ആഴ്ച മൂന്നാറിലാണ് ഷൂട്ട്‌. ഞാൻ ഇനി ഡിസംബർ 7നാണ് ആ സിനിമയിൽ ജോയിൻ ചെയ്യുക,’ കല്യാണി പറയുന്നു.

അതേസമയം കല്യാണി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ‘ആന്റണി’ കഴിഞ്ഞ ദിവസം തിയേറ്ററിൽ ഇറങ്ങിയിരുന്നു. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ് ആണ് നായകൻ. ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, വിജയ രാഘവൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Content Highlight: Kalyani Priyadharshan Talk About  Pranav Mohanlal And Varshangalk Shesham Movie

We use cookies to give you the best possible experience. Learn more