| Saturday, 11th November 2023, 1:40 pm

എന്നേയും പ്രണവിനേയും കുറിച്ച് കേട്ട ആ ഗോസിപ്പായിരുന്നു ഏറെ ചിരിപ്പിച്ചത്: കല്യാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരങ്ങളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും.

മോഹൻലാലിന്റെയും പ്രിയദർശന്റെയും മക്കൾ എന്നതിൽ നിന്ന് മലയാളത്തിലെ മുൻനിര താരങ്ങളായി മാറാൻ ഇരുവർക്കും അധിക സമയം വേണ്ടി വന്നിരുന്നില്ല.

കുട്ടിക്കാലം മുതലേ സുഹൃത്തുക്കൾ ആയിരുന്നെങ്കിലും രണ്ടു പേരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത് പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലൂടെ വലിയ രീതിയിൽ ജനപ്രിയരാവാൻ താരങ്ങൾക്ക് കഴിഞ്ഞു.

രണ്ടുപേരെയും കുറിച്ചുമുള്ള ഗോസിപ്പുകളെ പറ്റി സംസാരിക്കുകയാണ് കല്യാണി പ്രിയദർശൻ. തങ്ങളെ കുറിച്ചുള്ള പരദൂഷണങ്ങൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും അതെല്ലാം കേൾക്കുമ്പോൾ ചിരിയാണ് തോന്നുന്നതെന്നും കല്യാണി പറയുന്നു. പ്രണവിനെ നേരിട്ട് കാണുകയെന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണെന്നും റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ കല്യാണി പ്രിയദർശൻ പങ്കുവച്ചു.

‘എന്നെ ഏറ്റവും ചിരിപ്പിച്ച ഗോസിപ്പായിരുന്നു എന്നെ കുറിച്ചും പ്രണവിനെ കുറിച്ചും ഞാൻ കേട്ടതെല്ലാം. ഈ ഗോസിപ്പുകളെ കുറിച്ച് ഞങ്ങൾക്കും ഞങ്ങളുടെ ഫാമിലിക്കമെല്ലാം അറിയാം. ഞങ്ങളെല്ലാവരും അത് കേട്ട് ചിരിക്കും അത്രയേ ഉള്ളു.

എനിക്ക് പ്രണവിന്റെ കൂടെ അഭിനയിക്കാൻ ഇഷ്ടമാണ്. കാരണം ഹൃദയത്തിൽ ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. അതിന് കാരണം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പാണ്. ഇത്രയും വർഷമായ ഫ്രണ്ട്ഷിപ്പുള്ളത് കൊണ്ട് തന്നെ അത് വേറേ ആർക്കും മാച്ച് ചെയ്യാൻ പറ്റില്ല. ഞങ്ങളുടെ പെയർ പ്രേക്ഷകരും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

പ്രണവിനെ നേരിട്ട് ഒന്ന് കാണുകയെന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് സിനിമയിൽ വരുന്നതിന് മുൻപാണെങ്കിലും ശേഷമാണെങ്കിലും അങ്ങനെയാണ്. അവനെ അവസാനമായി കണ്ടത് ന്യൂ ഇയറിനാണ്. അതിന് ശേഷം കണ്ടിട്ടില്ല. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഞാൻ പ്രണവിനോട് സംസാരിച്ചിരുന്നു,’ കല്യാണി പ്രിയദർശൻ പറയുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയിലാണ് കല്യാണിയും പ്രണവും വീണ്ടും ഒന്നിക്കുന്നത്.

Content Highlight: Kalyani Priyadharshan  Talk About Pranav Mohanlal

We use cookies to give you the best possible experience. Learn more