മാസ്റ്റർ ക്രാഫ്റ്റ് സംവിധായകൻ ജോഷി ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ആന്റണി കഴിഞ്ഞദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. ജോജു ജോർജ് നായകനാകുന്ന ചിത്രത്തിൽ നടി കല്യാണി പ്രിയദർശനും ആൻ മരിയ എന്നൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജോഷിയുടെ സിനിമയിലാണ് താൻ അഭിനയിക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ തന്റെ അച്ഛനും അമ്മയ്ക്കും വലിയ സന്തോഷമായി എന്നാണ് കല്യാണി പറയുന്നത്.
അച്ഛൻ പ്രിയദർശനെയും അമ്മ ലിസിയേയും തന്നെയും വെച്ച് സിനിമ ചെയ്ത സംവിധായകനാണ് ജോഷി സാറെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ കല്യാണി പറഞ്ഞു.
‘ജോഷി സാറിന്റെ സിനിമയിലാണ് ഞാൻ അഭിനയിക്കാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ അച്ഛന് വലിയ ആകാംക്ഷയിലായിരുന്നു.
ആന്റണിയുടെ കഥ ഞാൻ കേൾക്കുന്നത് വരെ അച്ഛനോടും അമ്മയോടും ഇങ്ങനെയൊരു സിനിമയുടെ കാര്യം പറഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. പക്ഷെ സിനിമയുടെ കാര്യം പറഞ്ഞപ്പോൾ ഏറ്റവും സന്തോഷം അവർക്ക് രണ്ട് പേർക്കും തന്നെയായിരുന്നു.