| Sunday, 29th October 2023, 1:31 pm

'ആ അഭിമുഖങ്ങൾ കണ്ടിട്ട് കല്യാണി തന്നെ സിനിമയിലേക്ക് വേണോയെന്ന് പലരും സംവിധായകനോട്‌ ചോദിച്ചു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് കല്യാണി പ്രിയദർശൻ. പിന്നീട് തല്ലുമാല, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയ എല്ലാ സിനിമകളിലെയും കല്യാണിയുടെ വേഷങ്ങൾ വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു.

കല്യാണി ആദ്യമായി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. മലപ്പുറത്തെ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രത്തിനായി സ്വന്തം ഭാഷയിൽ തന്നെയാണ് കല്യാണി ഡബ്ബ് ചെയ്തിരിക്കുന്നു.

‘എന്റെ മലയാളം അത്ര ശരിയല്ലായെന്ന് എല്ലാവർക്കും അറിയാം. ചിത്രത്തിന് വേറെ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്തൂടെ എന്നായിരുന്നു എല്ലാവരും ചോദിച്ചത്,’ കല്യാണി പറയുന്നു. രേഖ മേനോനുമായി തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ സംസാരിക്കുകയായിരുന്നു കല്യാണി.

‘എല്ലാ സിനിമയിലും ഞാനെന്റെ കംഫർട്ട് സോണിൽ നിന്നും പരിമിതികളിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കാറുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ എന്റെ ഏറ്റവും എക്സ്ട്രീം വേർഷനാണ് ഞാൻ തല്ലുമാലയിൽ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഈ ചിത്രത്തിലേക്ക് വരുമ്പോൾ ഭാഷയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ മലയാളം അത്ര ശരിയല്ലായെന്ന് എല്ലാവർക്കും അറിയാം.

തല്ലുമാലയുടെ ഇന്റർവ്യൂസ് കഴിഞ്ഞതിന് ശേഷം ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് കേട്ട എല്ലാവരും എന്റെ സംവിധായകനോട് ആദ്യം ചോദിച്ച ചോദ്യം കല്യാണി തന്നെ ഈ വേഷത്തിന് വേണം എന്നുറപ്പാണോ എന്നാണ്. കുറഞ്ഞപക്ഷം വേറേ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്തൂടെ എന്നായിരുന്നു എല്ലാവരും ചോദിച്ചത്.

ഭാഷ എനിക്കൊരു ബാലികേറാ മലയാണ്. അത് ശരിയാകണമെങ്കിൽ ഞാൻ സ്വയം ശ്രമിക്കേണ്ടതുണ്ട്. ഭാഷ പഠിച്ച് ചെയ്യാൻ ഞാൻ തന്നെ മുന്നോട്ടുവരണം.

സിനിമയിലെ പാത്തു എന്ന കഥാപാത്രം ഒരു പക്കാ മലപ്പുറംക്കാരി പെൺകുട്ടിയാണ്. ഞാൻ അവിടത്തെ കുറച്ചു കുട്ടികളുമായി സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം അവരെല്ലാവരും നല്ല എനർജിയോട് സംസാരിക്കുന്ന ആളുകളാണ്.

മിടുക്കി കുട്ടികളാണ്. എല്ലാ വികാരങ്ങളും അവരുടെ മുഖത്ത് പ്രകടമായി കാണാൻ പറ്റും. അതായത് ഒരു അഞ്ചു സെക്കൻഡിൽ അഞ്ചുതരം ഭാവങ്ങൾ അവരുടെ മുഖത്ത് മിന്നി മറയും. അവർ സംസാരിക്കുമ്പോൾ കൈക്കും മുഖത്തിനുമെല്ലാം മൂവ്മെന്റ് ഉണ്ടാവും.

അതുകൊണ്ടുതന്നെ ഈ സിനിമ കാണുന്ന പ്രേക്ഷകർക്ക് ഞാനൊരു മലപ്പുറംകാരി ആണെന്നു തോന്നുന്ന വിധത്തിൽ അഭിനയിക്കുക എന്നതായിരുന്നു എന്റെ ആദ്യത്തെ ശ്രമം. അത് അങ്ങനെ തന്നെ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

സത്യത്തിൽ ഭാഷ ഈ സിനിമയിലെ ഒരു കഥാപാത്രം തന്നെയാണ്. ഹൃദയത്തിലും തല്ലു മാലയിലും ഞാൻ പറഞ്ഞതിനേക്കാൾ സംഭാഷണങ്ങൾ ഈ സിനിമയിൽ ഒരു സീനിൽ മാത്രം എനിക്ക് പറയാനുണ്ട്. മലയാളം നന്നായി സംസാരിക്കാൻ അറിയാത്ത എനിക്ക് അതൊരു വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ ഈ സിനിമയിൽ എനിക്ക് തന്നെ ഡബ്ബ് ചെയ്യണമെന്നുള്ള ആഗ്രഹം തുടക്കം മുതലേ എനിക്ക് ഉണ്ടായിരുന്നു.

സംവിധായകൻ എന്നെ വിശ്വസിച്ചു. സഹായത്തിനായി ഞാൻ സുരഭി ലക്ഷ്മി ചേച്ചിയെ വിളിച്ചിരുന്നു. ചേച്ചിക്ക് ഈ ചിത്രത്തിൽ നിന്ന് പ്രത്യേകിച്ചൊന്നും നേടാനില്ലാഞ്ഞിട്ടും, എന്റെ കൂടെ വന്ന് ഒപ്പമിരുന്ന് എല്ലാം പറഞ്ഞു തന്നു. അങ്ങനെ ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്,’കല്യാണി പറയുന്നു.

Content Highlight: Kalyani Priyadharshan Talk About Her New Movie Shesham Mikil Fathima

Latest Stories

We use cookies to give you the best possible experience. Learn more