മലയാളികളുടെ ഇഷ്ട നടിയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് കടന്ന് വരുന്നത്.
ശേഷം ഇറങ്ങിയ തല്ലുമാല, ഹൃദയം തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. സംവിധായകൻ പ്രിയദർശന്റെ മകൾ എന്നതിൽ നിന്ന് നടി കല്യാണി പ്രിയദർശനായി മാറാൻ താരത്തിന് അധിക സമയം വേണ്ടി വന്നില്ല.
മലയാളത്തിലെ തന്റെ ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്നും അന്ന് ധൈര്യം തന്നത് ദുൽഖർ സൽമാനാണെന്നും പറയുകയാണ് കല്യാണി പ്രിയദർശൻ. പ്രിയദർശൻ, ലിസി എന്നിവരുടെ മകൾ എന്ന നിലയിൽ പ്രേക്ഷകർ എന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കും എന്നതായിരുന്നു പേടിയെന്നും ദുൽഖറിന്റെ വാക്കുകൾ വലിയ ആശ്വാസം നൽകിയെന്നും കല്യാണി പറഞ്ഞു. ബ്രോ ഡാഡി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിക്കുന്നതായിരുന്നു തന്റെ പ്രശ്നമെന്നും കല്യാണി പറഞ്ഞു.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ ആകെ ടെൻഷനിലായിരുന്നു. പ്രിയദർശന്റെയും ലിസിയുടെയും മകൾ എന്ന നിലയിൽ ആളുകൾ എന്നിൽ നിന്ന് ഒരുപാടു പ്രതീക്ഷിക്കും എന്ന ചിന്ത ഹൃദയത്തിൻ്റെ കനം കുട്ടി. ഷോട്ടിനു റെഡിയായപ്പോൾ എനിക്കു തന്നെ എന്റെ നെഞ്ചിടിപ്പു ചെവിയിൽ കേൾക്കാം. ഈ ടെൻഷൻ മനസ്സിലാക്കിയിട്ടാകും ദുൽഖർ എൻ്റെയടുത്തു വന്നു സംസാരിച്ചു.
അമ്മു, ഞാൻ കടന്നു പോയ അതേ സാഹചര്യത്തിലാണ് ഇപ്പോൾ നീയും. എനിക്ക് ഉപ്പയുടെ സെലിബ്രിറ്റി ഇമേജ് മാത്രം നോക്കിയാൽ മതിയായിരുന്നു. നിനക്ക് അതിലേറെ സിനിമാ ഭാരമുണ്ട്. അതൊരു ഉത്തരവാദിത്തമായി എടുക്കൂ. അപ്പോൾ ടെൻഷനില്ലാതെ ജോലിയിൽ മാത്രം ശ്രദ്ധിക്കാനാകും. സത്യത്തിൽ ആ വാക്കുകൾ വലിയ ആശ്വാസം നൽകി. ആ ചിത്രത്തിൻ്റെ നിർമാതാവാണെങ്കിലും നായകനായ ദുൽഖറിൻ്റെ മുഖമാണ് ഓർമയിലുള്ളത്.
‘ബ്രോ ഡാഡി’യുടെ സമയത്ത് ടെൻഷനടിച്ചത് ലാലങ്കിളിനൊപ്പം ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോഴാണ്. അച്ഛനെ പോലെ തന്നെ അടുപ്പവും സ്നേഹവും ഉള്ളയാൾ. അച്ഛന്റെ സെറ്റുകളിൽ വച്ച് ഒരുപാടു തവണ ആ അഭിനയം അടുത്തു നിന്നു കണ്ടിട്ടുമുണ്ട്. പക്ഷേ, ആ ദിവസം ഞാൻ കിളി പോയ അവസ്ഥയിലായി. ആധി എൻ്റെ മുഖത്ത് കണ്ടിട്ടാകണം ലാലങ്കിൾ ധൈര്യം പകർന്നു. ആദ്യ ഷോട്ട് ഓക്കെയായതോടെ എല്ലാം കൂൾ ആയി,’കല്യാണി പ്രിയദർശൻ പറയുന്നു.
Content Highlight: Kalyani Priyadasrshan Talk About Dulqure Salman