Entertainment news
ഏത് മൂഡിലും കാണാന്‍ അച്ഛന്റെ പടമുണ്ട്, പക്ഷെ ഏറ്റവും കൂടുതല്‍ തവണ ഞാന്‍ കണ്ട പ്രിയദര്‍ശന്‍ സിനിമ ഇതാണ്: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 04, 09:30 am
Thursday, 4th August 2022, 3:00 pm

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടുതന്നെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് കല്യാണി പ്രിയദര്‍ശന്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഹൃദയത്തിലെ കല്യാണിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയാണ് കല്യാണിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛന്‍ ചെയ്ത ചിത്രങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് കല്യാണി.

താന്‍ ഏതൊരു മൂഡില്‍ ഇരുന്നാലും അച്ഛന്റെ ഏതെങ്കിലും ഒക്കെ സിനിമ കാണാനുണ്ടാകുമെന്നും എന്നാല്‍ അച്ഛന്റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് കിലുക്കവും തേന്മാവിന്‍ കൊമ്പത്തും ആണെന്നുമാണ് കല്യാണി പറയുന്നത്. അതില്‍ തന്നെ തേന്മാവിന്‍ കൊമ്പത്ത് ആവും കുടുതല്‍ കണ്ടു കാണുക എന്നും കല്യാണി എടുത്ത് പറയുന്നു.

‘ഏതൊരു മൂഡിലും കാണാന്‍ അച്ഛന്റെ ഒരു പടം ഉണ്ടാകും. ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് കിലുക്കമാവാം.. അല്ല ഏറ്റവും കൂടുതല്‍ കണ്ടത് തേന്മാവിന്‍ കൊമ്പത്താണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം കാര്‍ത്തുമ്പിയാണ്. ഒരുപാട് തവണ അത് കണ്ടിട്ടുണ്ട്,’ കല്യാണി പറയുന്നു.

ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രതിന്റേത്തായി പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ.

Content Highlight :Kalyani Priyadarshan talks about her favorite movies of father Priyadarshan