|

ആ സിനിമയില്‍ അച്ഛനും അഭിനയിച്ചു; ഞങ്ങളെ മൂന്നുപേരെയും ഡയറക്ട് ചെയ്ത ഒരേയൊരു സംവിധായകന്‍ അദ്ദേഹമാണ്: കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്നതിനപ്പുറത്തേക്ക് താരം സിനിമയില്‍ വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.

‘വരനെ ആവശ്യമുണ്ട്’, ‘തല്ലുമാല’, ‘ഹൃദയം’, ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്നീ സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ കല്യാണിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ‘ആന്റണി’.

ജോഷി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ജോഷിയുടെ സംവിധാനത്തില്‍ നിറക്കൂട്ട്, നായര്‍സാബ് ഉള്‍പ്പെടെയുള്ള സിനിമകളില്‍ ലിസിയും പണ്ട് അഭിനയിച്ചിരുന്നു.

ഇപ്പോള്‍ താനും അച്ഛനും അമ്മയും അഭിനയിച്ച സിനിമകള്‍ സംവിധാനം ചെയ്ത ആളാണ് ജോഷിയെന്ന് പറയുകയാണ് കല്യാണി. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോഷിയെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

‘അമ്മയും ജോഷി സാറും തമ്മില്‍ നല്ല അടുപ്പമാണ്. ഞാന്‍ ജോഷി സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ അമ്മ ഒരുപാട് ത്രില്‍ഡായിരുന്നു.

ഞാന്‍ സത്യത്തില്‍ സിനിമയുടെ കഥ കേള്‍ക്കുന്നത് വരെ അവരോട് ഒന്നുംതന്നെ പറഞ്ഞിരുന്നില്ല. പക്ഷെ പിന്നീട് പറഞ്ഞപ്പോള്‍ അമ്മക്കും അച്ഛനും സന്തോഷമായി.

അമ്മക്ക് ജോഷി സാറിനെ വര്‍ഷങ്ങളായി അറിയാവുന്നതാണ്. എന്നെക്കാള്‍ പ്രായം കുറഞ്ഞ സമയത്താണ് അമ്മ സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. ആ ഒരു ബോണ്ട് ഇപ്പോഴും അവര്‍ തമ്മിലുണ്ട്.

അച്ഛനും അമ്മയെ പോലെ തന്നെ സിനിമയെ കുറിച്ച് അറിഞ്ഞപ്പോള്‍ ത്രില്‍ഡായിരുന്നു. എനിക്ക് തോന്നുന്നു ജോഷി സാറാണ് ഞങ്ങളെ മൂന്നുപേരെയും ഡയറക്ട് ചെയ്ത ഒരേയൊരു ഡയറക്ടര്‍.

കാരണം സാറിന്റെ ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ സിനിമയില്‍ അച്ഛന്‍ അഭിനയിച്ചിട്ടുണ്ട്. ചെറിയ റോള്‍ ആയിരുന്നു അതില്‍. സിനിമയ്ക്ക് അകത്ത് ഷൂട്ടിങ് നടക്കുന്ന സീനിലാണ് അച്ഛന്‍ അഭിനയിച്ചത്.

എന്തായാലും ആരാണ് സാറിന്റെ ഫേവറൈറ്റെന്ന് ഇനി സാറിനോട് ചോദിക്കണം. പക്ഷെ ഞാന്‍ ചോദിക്കില്ല, അതിനുള്ള ധൈര്യമൊന്നും എനിക്കില്ല.

സാറിനെ പേടിയാണ് എന്നല്ല ഞാന്‍ പറഞ്ഞത്. ഒരു പ്രത്യേക ബഹുമാനമാണ് സാറിനോട്. ആ ബഹുമാനത്തിന്റെ ലൈന്‍ ക്രോസ് ചെയ്യേണ്ട എന്ന ഫീല്‍ ഉള്ളത് കൊണ്ടാണ്,’ കല്യാണി പറയുന്നു.


Content Highlight: Kalyani Priyadarshan Talks About Director Joshiy

Video Stories