| Sunday, 12th November 2023, 12:45 pm

ഇന്റര്‍വ്യു അത്ര സേഫല്ല; ഇന്റര്‍വ്യുവിന് ഇരിക്കുമ്പോള്‍ ടെന്‍ഷനാണ്: കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ എന്ന ലേബലില്‍ നിന്ന് നടി കല്യാണി പ്രിയദര്‍ശന്‍ എന്ന ഐഡന്റിറ്റിയിലേക്ക് മാറാന്‍ കല്യാണിക്ക് പെട്ടെന്ന് തന്നെ കഴിഞ്ഞിരുന്നു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാള സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഏറ്റവും പുതുതായി കല്യാണി ‘ഫാത്തിമ’യെന്ന കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഫാമിലി എന്റര്‍ടൈനര്‍ ചിത്രമാണ് ‘ശേഷം മൈക്കില്‍ ഫാത്തിമ’. ചിത്രം നവംബര്‍ 17 നാണ് തിയേറ്ററുകളിലെത്തുന്നത്.

ഫുട്‌ബോള്‍ കമന്റേറ്ററായാണ് കല്യാണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതില്‍ ഫാത്തിമയെന്ന കഥാപാത്രം മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത്. കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതുമയുള്ള ചിത്രമാകും ഇത്.

ഈ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ തനിക്ക് ഇന്റര്‍വ്യു പേടിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കല്യാണി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്.

എന്തിനാണ് ടെന്‍ഷനടിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് ഇന്റര്‍വ്യൂസില്‍ തനിക്ക് ടെന്‍ഷനാണ് എന്നായിരുന്നു കല്യാണിയുടെ മറുപടി. ഉടനെ അവതാരിക സിനിമയില്‍ ഒരുപാടുപേരുടെ മുന്നില്‍ അഭിനയിക്കുമ്പോള്‍ ഇല്ലാത്ത പേടി ഇന്റര്‍വ്യുവില്‍ എന്തിനാണെന്ന് ചോദിച്ചു.

‘സിനിമാ സെറ്റ് ഒരു സേഫ് സ്‌പേസാണ്. ഇന്റര്‍വ്യു അത്ര സേഫല്ല. ഈ ഇന്റര്‍വ്യു ഏകദേശം എത്രയാളുകള്‍ കാണും. സിനിമയുടെ അത്രയും ഓഡിയന്‍സ് ഇന്റര്‍വ്യുകള്‍ക്ക് ഉണ്ടാകില്ലെങ്കിലും സിനിമയില്‍ ഡയലോഗുകള്‍ അവര്‍ എഴുതി തരികയാണ്. ഇവിടെ ഞാന്‍ തന്നെ സ്വയം പറയുന്നതല്ലേ,’ കല്യാണി മറുപടിയായി പറഞ്ഞു.

അവതാരിക കല്യാണിയോട് ഇന്‍ട്രോവേര്‍ട്ടാണോ എന്ന് ചോദിച്ചപ്പോള്‍ ആണെന്നായിരുന്നു കല്യാണിയുടെ മറുപടി. ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ സെറ്റില്‍ കല്യാണി എഴുതി കൊടുക്കുന്ന ഡയലോഗുകളൊക്കെ കാണാതെ പഠിച്ചാണ് വരാറുള്ളത് എന്നാണ് സിനിമയുടെ സംവിധായകന്‍ പറഞ്ഞത്.

Content Highlight: Kalyani Priyadarshan Says She Get Tensed During Interviews

We use cookies to give you the best possible experience. Learn more